ദക്ഷിണാഫ്രിക്കക്കെതിരെ രൂക്ഷ വിമർശനവുമായി സൗരവ് ഗാംഗുലി

ജോഹന്നാസ്ബർഗിലെ പിച്ചിനെതിരെ  രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഒന്നാം ദിനം തന്നെ ബാറ്റിംഗ് ദുഷ്കരമായ പിച്ചുകൾ  ബാറ്റ്സ്മാന്മാർക്ക് ഒരു പഴുതും അനുവദിക്കുന്നില്ലെന്നും ഇത്തരം ഏകപക്ഷീയമായ പിച്ചുകൾ ഒരുക്കുന്നത് അപമാനകരമാണെന്നും ഗാംഗുലി ട്വിറ്ററിലൂടെ  തുറന്നടിച്ചു.

‘ഇത്തരം പിച്ചുകളിൽ കളിക്കുന്നത് തീർത്തും അനുചിതമായ കാര്യമാണ്. 2003 ൽ ന്യൂസിലാൻഡിലും ഇത് കണ്ടതാണ്. ബാറ്റ്സ്മാന്മാർക്ക് ചുരുങ്ങിയ സാധ്യതയെങ്കിലും നൽകുന്ന പിച്ചുകൾ ഒരുക്കണം.ഐസിസി ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കണം’-ഗാംഗുലി പറഞ്ഞു.

ബാറ്റിംഗ്  ദുഷ്കരമായ ജോഹന്നാസ്ബർഗിൽ ആദ്യ ദിനം തന്നെ 187 റൺസിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചിരുന്നു.6 ഓവർ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ ഓപ്പണിംഗ് ബാറ്റ്സ്മാൻ മർക്രമും ഒന്നാം ദിനം തന്നെ പുറത്തായവരുടെ പട്ടികയിൽ പെടുന്നു.

ചേതേശ്വർ പൂജാരയുടെയും വിരാട് കൊഹ്ലിയുടെയും അർദ്ധ ശതകങ്ങളുടെ ബലത്തിലാണ് ഇന്ത്യ 187 റൺസ് എടുത്തത്.വാലറ്റത് 30 റൺസ് നേടിയ ഭുവനേശ്വർ കുമാറും ഇന്ത്യൻ സ്കോർ ബോർഡിൽ കാര്യമായ സംഭാവന നൽകി.

ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചുകൾക്കെതിരെ ആഞ്ഞടിച്ച സൗരവ് ഗാംഗുലിക്കെതിരെയും  നിരവധി പേർ  രംഗത്ത് വന്നു.  ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിൽ  സ്പിൻ ബൗളിങ്ങിനു അനുകൂലമായ പിച്ചുകളൊരുക്കുമ്പോൾ നിശബ്ദവുന്ന ഗാംഗുലി ഇപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ രംഗത്ത് വന്നത് വലിയ ശരിയല്ലാ എന്നാണ് ചിലരുടെ പക്ഷം.