കണക്കിലെ കളികളിൽ നേരിയ പ്രതീക്ഷയുമായി ബ്ലാസ്റ്റേഴ്‌സ്…!

February 24, 2018

നിർണായകമായ 17ാം റൗണ്ടിൽ ചെന്നൈയിൻ എഫ്സിക്കെതിരെ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഐ എസ് എല്ലിന്റെ നാലാം സീസണിൽ നിന്നും ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു. വിജയത്തിൽ കുറഞ്ഞതൊന്നും മുന്നോട്ടുള്ള യാത്രക്ക് ശക്തിയേകില്ലെന്ന തിരിച്ചറിവോടെ കൊച്ചിയിൽ കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ഫിനിഷിങ്ങിലെ പോരായ്മയാണ് വിലങ്ങുതടിയായാത്..

ചെന്നൈയുടെ ഗോൾമുഖത്തേക്ക് ആർത്തിരമ്പിക്കയറിയ ബ്ലാസ്റ്റേഴ്‌സിന്റെ  മുന്നേറ്റ- മധ്യനിര  നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ചുവെങ്കിലും  പെനാൽറ്റി നഷ്ടപ്പെടുത്തിയ പെക്കൂസനും നിർണായക ഘട്ടങ്ങളിൽ ഷോട്ടുതിർക്കാൻ കഴിയാതിരുന്ന വിനീതുമടക്കമുള്ള പേരുകേട്ട താരങ്ങൾ അവസരങ്ങൾ നഷ്ടപ്പെടുത്താൻ വേണ്ടി മത്സരിക്കുന്ന കാഴ്ചയ്ക്കാണ് കൊച്ചിയിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആരാധകരെ തീർത്തും നിരാശപ്പെടുത്തിയ സമനിലയോടെ ടൂർണമെന്റിൽ നിന്നും പുറത്തായെങ്കിലും സാങ്കേതികമായി നോക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിനു ഇപ്പോഴും നേർത്തൊരു സാധ്യതയുണ്ടെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്..

ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള സാദ്ധ്യതകൾ ഇങ്ങനെ..

ബ്ലാസ്റ്റേഴ്സിനു ഇനി ശേഷിക്കുന്ന ഏക മത്സരത്തിൽ ബംഗളുരുവിനെ തോൽപ്പിക്കുകയാണെങ്കിൽ മാത്രമാണ് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള നേരിയ സാധ്യത തുറന്നുകിട്ടുന്നത്. കണക്കുകളുടെ പിൻബലത്തിൽ നാലാമനായി  പ്ലേ ഓഫ് കളിക്കണമെങ്കിൽ മറ്റു ടീമുകളായ  മുംബൈ, ജംഷഡ്‌പൂർ, ഗോവ തുടങ്ങിയ ടീമുകളുടെ  ഫലങ്ങൾ കൂടി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമാകേണ്ടതുണ്ട്..

ജംഷഡ്‌പുർ എഫ് സി

ജംഷഡ്‌പൂരിന് ഇനി രണ്ടു മത്സരങ്ങളാണുള്ളത്..അതിൽ ആദ്യത്തേത് ബംഗ്ലുരുമായും അവസാനത്തേത് ഗോവയുമായും,ഈ രണ്ടു മത്സരങ്ങളും ജംഷഡ്പൂർ തോൽക്കുകയോ  ഒരു സമനിലയും ഒരു വിജയവും മാത്രം  നേടുകയോ ചെയ്യണം..

എഫ് സി  ഗോവ

ഗോവക്ക് ഇനി മൂന്നു മത്സരങ്ങളാണുള്ളത്.അതിൽ ഒരു മത്സരമെങ്കിലും  തോൽക്കുകയും അത് ജംഷഡ്‌പൂരിനോടാകാതിരികുകയും ചെയ്താൽ ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷയ്ക്ക് വകയുണ്ട്.

മുംബൈ സിറ്റി എഫ് സി

രണ്ടു മത്സരങ്ങൾ ശേഷിക്കുന്ന മുംബൈ സിറ്റി എഫ് സി രണ്ടു  മത്സരവും  തോൽക്കുകയോ ഒരു സമനിലയും ഒരു വിജയവും മാത്രം നേടുകയോ ചെയ്താൽ ബ്ലാസ്റ്റേഴ്‌സിന് മുംബൈയെ പിന്നിലാക്കാൻ സാധിക്കും.

ഫുട്ബോൾ അത്ഭുതങ്ങളുടെ കളിയാണെന്ന് പൊതുവിൽ പറയാറുണ്ടെങ്കിലും ഇത്രയും നേർത്ത പ്രതീക്ഷകളുടെ ആയുസ്സ് വളരെ കുറവാണെന്നു തന്നെ പറയേണ്ടിവരും.പക്ഷെ ബ്ലാസ്‌റ്റേഴ്‌സിനെ ‘ചങ്കു’ പോലെ സ്നേഹിക്കുന്ന മഞ്ഞപ്പട പ്രാർത്ഥനയിലാണ് ഒപ്പം പ്രതീക്ഷയിലും..