50 വർഷത്തിനിടെ ജനിക്കുന്ന അത്ഭുത നക്ഷത്രമാണ് മെസ്സി: കോന്റെ

March 15, 2018

ബാഴ്സലോണ താരം  ലയണൽ മെസ്സിയെ പ്രശംസകൊണ്ട് മൂടി ചെൽസി പരിശീലകൻ അന്റോണിയോ കോന്റെ. 50 വര്ഷങ്ങൾക്കിടെ മാത്രം ജനിക്കുന്ന അത്ഭുത നക്ഷത്രമാണ് മെസ്സിയെന്നാണ് ഇറ്റാലിയൻ പരിശീലകനായ കോൻറെയുടെ കണ്ടെത്തൽ. യുവേഫാ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ ബാഴ്സയോട് തോറ്റു പുറത്തായതിനു ശേഷം നടന്ന മാധ്യമ സമ്മേളനത്തിലാണ് കോന്റെ മെസ്സിയുടെ കളി മികവിനെ വാനോളം പുകഴ്ത്തിയത്.

”എന്റെ താരങ്ങൾ നന്നായി തന്നെയാണ് കളിച്ചത്..മികച്ച രീതിയിൽ  പന്തു തട്ടിയ അവരുടെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്.പക്ഷെ മത്സരത്തിന്റെ വ്യത്യസം മെസ്സിയായിരുന്നു..എല്ലാ സീസണിലും 60 ഓളം ഗോളുകൾ നേടാൻ ശേഷിയുള്ള അസാമാന്യ പ്രതിഭയാണ് മെസ്സി. ലോകത്തെ ഏറ്റവും മികച്ചവൻ. ഏതു ടീമിനു വേണ്ടി ബൂട്ടുകെട്ടിയാലും മത്സരത്തിൽ നിർണായക മാറ്റം കൊണ്ടുവരാൻ കെൽപ്പുള്ള അതുല്യ താരമാണ് മെസ്സി”- കോന്റെ പറഞ്ഞു.

മെസ്സിയിപ്പോലെ ഒരു പ്രതിഭയെ ടീമിലെത്തിക്കാൻ എല്ലാ ടീമുകൾക്കും ആഗ്രഹമുണ്ടാകുമെന്നും എന്നാൽ ബാഴ്‌സയിൽ കരിയർ തുടങ്ങിയ മെസ്സി അവിടെ തന്നെ കളി അവസാനിപ്പിക്കുമെന്നും കോന്റെ അഭിപ്രായപ്പെട്ടു. മെസ്സിയെ ബാഴ്‌സയിൽ നിന്നും മറ്റൊരു ടീമിലെത്തിക്കാനുള്ള ആഗ്രഹം വെറും വ്യാമോഹം മാത്രമാണ്.അത്രമേൽ ഗാഢമാണ് മെസ്സിയും ബാഴ്‌സയും തമ്മിലുള്ള ബന്ധം.