ആവേശം അവസാന പന്തുവരെ; ഒടുവിൽ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ കെടുത്തി മുംബൈക്ക് വിജയം

May 17, 2018

വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു  ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്-കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിനായി ഇരു ടീമുകളും കളത്തിലിറങ്ങിയത്. ഒരു പരാജയത്തിനപ്പുറം ടൂർണമെന്റിൽ നിന്നും പുറത്തേക്കുള്ള വഴി തുറക്കുമെന്ന തിരിച്ചറിവിൽ സകല സന്നാഹങ്ങളും ഒരുക്കിയാണ് ഇരു ടീമുകളും അഗ്നിപരീക്ഷക്കൊരുങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ തുടക്കം മുതലേ ആക്രമിച്ചു കളിക്കുകയെന്ന ഗെയിം പ്ലാനാണ് നടപ്പിലാക്കിയത്.  മുംബൈ ഇന്നിംഗ്സിന് കടിഞ്ഞാണിട്ടുകൊണ്ട്   ആൻഡ്രൂ ടൈ എത്തിയതോടെ  മത്സരത്തിലേക്ക്  പഞ്ചാബ് തിരിച്ചെത്തി.എന്നാൽ ക്രൂനാൾ പാണ്ഡ്യയും കീറോൺ പൊള്ളാർഡും ചേർന്നു നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് മുംബൈക്ക് 186 റൺസെന്ന മികച്ച ടോട്ടൽ സമ്മാനിച്ചത്..

ടൂർണമെന്റിൽ ഉടനീളം മിന്നുന്ന ഫോമിൽ ബാറ്റ് ചെയ്യുന്ന രാഹുലാണ് പഞ്ചാബിന്റെ ചെയ്‌സിങ്ങിന് നേതൃത്വം നൽകിയത്.   രാഹുലിന് കൂട്ടായി ആരോൺ ഫിഞ്ച് കൂടി എത്തിയതോടെ പഞ്ചാബ് മത്സരത്തിൽ പിടിമുറുക്കി.എന്നാൽ  കണിശതയാർന്ന ബൗളിംഗുമായി ജസ്പ്രീത് ബുംറയും മക്ക്ഗ്ലിനനും ലാസ്റ്റ് ഓവറുകളിൽ നിറഞ്ഞാടിയപ്പോൾ വിജയത്തിന് മൂന്നു റൺസകലെ പഞ്ചാബിന്റെ പോരാട്ടം അവസാനിച്ചു..യുവരാജും ക്സർ പട്ടേലും ക്രീസിൽ നിൽക്കെ മുംബൈയെ വിജയത്തിലെത്തിച്ച അവസാന ഓവർ കാണാം

തുടർച്ചയായി നാലു മത്സരങ്ങൾ പരാജയപ്പെട്ടതോടെ കിങ്‌സ് ഇലവൻ പഞ്ചാബ് പുറത്താവലിന്റെ വക്കിലായി. ടൂർണമെന്റിന്റെ തുടക്കത്തിൽ തുടർ തോൽവിയുമായി നിരാശപ്പെടുത്തിയ മുംബൈ ആകട്ടെ തുടർച്ചയായ മൂന്നു വിജയങ്ങളോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്തു. 13 മത്സരങ്ങളിൽ നിന്നും 12 പോയിന്റാണ് ഇരു ടീമുകൾക്കും ഉള്ളത്.എന്നാൽ നെറ്റ് റൺറേറ്റിൽ പഞ്ചാബിനെക്കാൾ ഏറെ മുന്നിലുള്ള മുംബൈ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തും നെഗറ്റീവ് റൺ നിരക്കുമായി പഞ്ചാബ് ആറാം സ്ഥാനത്തും നിൽക്കുന്നു.