‘ബ്രാഡ്മാനെ’ ആദരിച്ച് ഗൂഗിള്‍; ഒപ്പം സച്ചിനും

August 28, 2018

ജന്മദിനങ്ങളില്‍ സര്‍പ്രൈസുകള്‍ കൊടുക്കുന്നത് ഗൂഗിളിന്റെ ശീലമാണ്. വിഖ്യാത ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡൊണാള്‍ഡ് ജോര്‍ജ് ബ്രാഡ്മാനും ജന്മദിനത്തില്‍ ഗൂഗിള്‍ ആദരമറിയിച്ചു. ഓഗസ്റ്റ് 17നായിരുന്നു ബ്രാഡ്മാന്റെ 110-ാം ജന്മദിനം. സേര്‍ച്ച് ബാര്‍ ഡൂഡില്‍ ബ്രാഡ്മാന് സമര്‍പ്പിക്കുകയാണ് ഗൂഗിള്‍ ചെയ്തത്.

1908 ഓഗസ്റ്റ് 27-നായിരുന്നു ബ്രാഡ്മാന്റെ ജനനം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നാണ് ഇദ്ദേഹത്തെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ബ്രാഡ്മാന്‍ നേടിയ 99.94 എന്ന ബാറ്റിങ് ശരാശരി ഇതുവരെയും ആര്‍ക്കും തിരുത്താനായിട്ടില്ല.

ചെറുപ്പം മുതല്‍ക്കെ ബ്രാഡ്മാന് ക്രിക്കറ്റിനോട് ഭ്രമമായിരുന്നു. ക്രിക്കറ്റ് സ്റ്റമ്പും ഗോള്‍ഫ് കളിക്കാന്‍ ഉപയോഗിക്കുന്ന പന്തുമുപയോഗിച്ച് കുട്ടിക്കാലത്ത് ബ്രാഡ്മാന്‍ പരിശീലനം നടത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇരുപത്തിരണ്ടു വയസിനുമുന്നേ ക്രിക്കറ്റ് ചരിത്രത്തിലെ പല റെക്കോര്‍ഡുകളും ബ്രാഡ്മാന്‍ സ്വന്തം പേരിലാക്കി.

തന്റെ 20 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ബ്രാഡ്മാനു കഴിഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് ഗ്രൗണ്ടിലെ മികച്ച പ്രകടനങ്ങള്‍ക്കൊണ്ടുതന്നെ ശത്രുക്കളുടെയും വിമര്‍ശകരുടെയും വായടയ്ക്കാന്‍ ബ്രാഡ്മാനു സാധിച്ചു. അപരാജിതര്‍ ഇന്നായിരുന്നു ബ്രാഡ്മാന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം അക്കാലത്ത് അറിയപ്പെട്ടിരുന്നത്.

ബ്രാഡ്മാന്റെ വ്യക്തിത്വവും ഒരല്പം സങ്കീര്‍ണ്ണമായിരുന്നു. കൂടുതല്‍ അടുത്ത ബന്ധങ്ങള്‍ പുലര്‍ത്താനും അദ്ദേഹമാഗ്രഹിച്ചില്ല. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ നിന്നും ബ്രാഡ്മാന്‍ വിരമിക്കുന്നത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അധികാരി എന്ന സ്ഥാനത്തു നിന്നാണ്. ഓസ്‌ട്രേലിയന്‍ നാണയങ്ങളിലും തപാല്‍ സ്റ്റാമ്പുകളിലും ബ്രാഡ്മാനോടുള്ള ആധരസൂചകമായി അദ്ദേഹത്തിന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. 2008 ല്‍ ഓസ്‌ട്രേലിയന്‍ മന്ത്രിസഭ ബ്രാഡ്മാന്റെ ചിത്രം ഉള്‍പ്പെടുത്തിയ 5 ഡോളറിന്റെ സ്വര്‍ണ്ണനാണയവും പുറത്തിറക്കി.

അന്താരാഷ്ട്ര ക്രിക്കറ്റ് സമതിയുടെ പ്രശസ്തരുടെ പട്ടികയിലും സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ പേരുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കറും ട്വിറ്ററിലൂടെ ബ്രാഡ്മാന് ആദറമറിയിച്ചിരുന്നു.