‘ഒറ്റകെട്ടായി കേരളം’; ദുരന്തത്തെ തുടച്ചുനീക്കി ജനങ്ങളും ജനപ്രതിനിധികളും…

August 28, 2018

കേരളം നേരിട്ട മഹാപ്രളയത്തെ മനസ്സിൽ നിന്നും നാട്ടിൽ നിന്നും  തുടച്ചു നീക്കികൊണ്ടിരിക്കുകയാണ് കേരളത്തിലെ ജനങ്ങളും ജനപ്രതിനിധികളും. കേരളത്തെ മുഴുവൻ പിടിച്ചുലച്ച വെള്ളപ്പൊക്കവും മഴയും ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം കരകയറികൊണ്ടിരിക്കുക്കുകയാണ് കേരള ജനത. നിരവധി ആളുകൾ സഹായ ഹസ്തവുമായി കേരളത്തിനൊപ്പം നിന്നപ്പോൾ കേരളത്തിലെ ആളുകൾ തന്നെയാണ് കയ്യും മെയ്യും മറന്ന് ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി നിന്നത്.

സുരക്ഷാ പ്രവർത്തകർക്കും മത്സ്യ തൊഴിലാളികൾക്കുമൊപ്പം കേരളത്തിലെ യുവജനങ്ങളും ഒന്നുചേർന്ന് നിന്നപ്പോൾ കേരളത്തിന് തോൽപ്പിക്കാൻ കഴിഞ്ഞത് ഒരു മഹാ ദുരന്തത്തെ തന്നെയാണ്. എന്നാൽ കേരളത്തിലെ ജനങ്ങൾക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളുമായി ഇപ്പോൾ എത്തിയിരിക്കുന്നത് നമ്മുടെ മന്ത്രിമാരാണ്. കേരളം ഒറ്റക്കെട്ടായി ഇറങ്ങിയ മഹാശുചീകരണത്തില്‍ പങ്കാളികളായി മന്ത്രിമാരുമുണ്ട്.

പ്രളയം അവസാനിച്ചെങ്കിലും കേരളത്തിലെ പല വീടുകളും ഇപ്പോഴും പ്രവർത്തന യോഗ്യമാക്കാൻ സാധിച്ചിട്ടില്ല.  കേരളം നേരിട്ട മഹാദുരന്തത്തിന്റെ ബാക്കി പത്രങ്ങൾ ഇപ്പോഴും കേരളത്തെ പിന്‍തുടരുന്നുണ്ട്. പലരുടെയും വീടുകളും വീട്ടുസാധനങ്ങളും ഉപയോഗ്യശൂന്യമായ അവസ്ഥയിലാണ്. പല വീട്ടുപകരങ്ങളും
വസ്തുക്കളും നശിച്ചും ഒഴുകിയും പോയി. അവശേഷിക്കുന്നവ ഉപയോഗിക്കാന്‍ സാധിക്കാത്ത വിധത്തിലാണുളളത്. കേരളത്തെ പഴയ രീതിയിലാക്കുവാൻ മഹാ ശുചീകരണത്തിലൂടെ മാത്രമേ സാധിക്കൂ. അതിനുള്ള കഠിനമായ പ്രയത്നത്തിലാണ് കേരളജനത..