ദുരിതാശ്വാസ ക്യാമ്പ് സംഗീത സാന്ദ്രമാക്കി സ്റ്റീഫന്‍ ദേവസ്സി

August 28, 2018

ഒരായുസ്സുകൊണ്ട് സ്വരുക്കൂട്ടിയതെല്ലാം മഹാപ്രളയം കവര്‍ന്നെടുത്തപ്പോഴും തളരാതെ പിടിച്ചുനിന്നവരാണ് മലയാളികള്‍. നഷ്ടപ്പെടലുകളുടെ വേദന ഉള്ളില്‍ നിറയുമ്പോഴും ദുരിതാശ്വാസകരില്‍ പലരും ചിരിച്ചുകൊണ്ടാണ് അവയില്‍ പലതിനെയും നേരിട്ടത്.

അപ്രതീക്ഷിതമായി ആര്‍ത്തലച്ചുവന്ന പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ് ഇന്ന് കേരളം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവും സാന്ത്വനവുമായി എത്തുന്നവരും നിരവധിയാണ്. ക്യാമ്പുകളിലെ നിത്യസന്ദര്‍ശകരാണ് സിനിമാതാരങ്ങളും രാഷ്ട്രീയനേതാക്കളും ഗയകരുമെല്ലാം. പ്രളയക്കെടുതിയോട് പോരാടാന്‍ കൈ-മെയ്യ് മറന്ന് മലയാളികള്‍ പ്രയത്‌നിക്കുന്നുണ്ട്.

ഈ ഓണക്കാലം ദുരിതാശ്വാസ ക്യാമ്പുകളിലെ ദുരിതബാധിതര്‍ക്കൊപ്പം ആഘോഷിച്ചവരും നിരവധിയാണ്. കേരളത്തിന്റെ പ്രിയ ഗായിക കെ.എസ് ചിത്രയും സിനിമാതാരം മമ്മൂട്ടിയുമെല്ലാം ക്യാമ്പുകളില്‍ ഓണം ആഘോഷിക്കാന്‍ നിറമനസ്സോടെ കടന്നെത്തി. തിരുവോണദിനത്തില്‍ ദുരിതാശ്വാസ ക്യാമ്പ് സംഗീത സാന്ദ്രമാക്കാന്‍ സ്റ്റീഫന്‍ ദേവസ്സിയും എത്തി. ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍ അഭയം തേടിയവര്‍ക്കിടയിലേക്കാണ് സംഗീത്തതിന്റെ ഈ രാജകുമാരന്‍ കടന്നെത്തിയത്. രണ്ടായിരത്തോളം ദുരന്തബാധിതരാണ് ഈ ക്യാമ്പിലുള്ളത്. സ്റ്റീഫന്‍ ദേവസ്സിയും സംഘവും ഇവര്‍ക്കായി ഒരുക്കിയത് സംഗീതത്തിന്റെ വലിയ വിരുന്ന് തന്നെയാണ്.

സ്റ്റീഫന്‍ ദേവസ്സിയുടെയും സംഘത്തിന്റെയും ഗാനങ്ങള്‍ കേട്ട് ദുരിതങ്ങളും കഷ്ടതകളും ഏവരും മറന്നു. സ്ത്രീകളും കുട്ടികളും യുവജനങ്ങളും വൃദ്ധജനങ്ങളുമെല്ലാം വേദനകള്‍ മറന്ന് സന്തോഷത്തോടെ ആടിപ്പാടി.

സ്റ്റീഫന്‍ ദേവസ്സിയുടെ ഫാന്‍സ് അസോസിയേഷന്റെ പേരിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. സാമൂഹിക സുരക്ഷാ മിഷന്റെ സഹകരണവും പരിപാടിക്ക് ലഭിച്ചു. ഗായകന്‍ ശ്യാം പ്രസാദ് സ്റ്റീഫനൊപ്പം ചേര്‍ന്ന് ക്യാമ്പില്‍ സംഗീതവിരുന്നൊരുക്കി. സാം ദേവസ്സി, വി.എസ്. ഡേവിഡ്, എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.