തളര്‍ത്താനാവില്ല ഒരു പ്രളയത്തിനും; ക്യാമ്പില്‍ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍

ആര്‍ത്തലച്ചു വരുന്ന ഒരു മഹാ പ്രളയത്തിനും തളര്‍ത്താനാവില്ല കേരളത്തെ. അതിജീവനത്തിന്റെ പുതിയ തീരത്തണഞ്ഞിരിക്കുകയാണ് ദുരന്തബാധിതര്‍. പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ചെറുത്ത് തോല്‍പിക്കാന്‍ മലയാളികള്‍ക്ക് സാധിച്ചു.

സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന അതിജീവനത്തിന്റെ നേര്‍ സാക്ഷ്യങ്ങളും ചെറുതല്ല. ദുരിതാശ്വാസ ക്യാമ്പില്‍ എല്ലാം മറന്ന് നൃത്തച്ചുവടുകള്‍വയ്ക്കുകയും പാട്ടുകള്‍ പാടുകയും ചെയ്യുന്നവരും നിരവധിയാണ്. വെള്ളത്തിന് നടുവിലിരുന്ന് പാടിയ ഡേവിഡ് ചേട്ടനും മനോഹരമായ ഡാന്‍സുകള്‍ക്കൊണ്ട് കേരളമനസുകള്‍ കീഴടക്കിയ ആല്‍ബിച്ചേട്ടനും ആസിയത്താത്തയുമെല്ലാം പകരുന്നത് അതിജീവനത്തിന്റെ വലിയ സന്ദേശങ്ങള്‍ തന്നെയാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും തരംഗമായിരിക്കുകയാണ് ഇത്തിത്താനത്തെ ദുരിതാശ്വാസ ക്യാമ്പില്‍ തകര്‍പ്പന്‍ ചുവടുകള്‍വയ്ക്കുന്ന ഒരു ചേട്ടന്റെയും ചേച്ചിയുടെയും വീഡിയോ. കസ്തൂരി… എന്റെ കസ്തൂരി… എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഇവര്‍ ചുവടുവയ്ക്കുന്നത്. ദുരിതാശ്വാസ ക്യാമ്പിലെ മറ്റുള്ളവര്‍ ഇവരുടെ നൃത്തത്തിന് വലിയ പിന്തുണയും നല്‍കുന്നുണ്ട്.