നിവിൻ പോളിയുടെ പുതിയ അവതാരം; മിഖായേലിന്റെ ഫസ്റ്റ് ലുക്ക് ഉടൻ

November 17, 2018

ഹനീഫ് അദേനി സംവിധായക വേഷത്തിലെത്തുന്ന നിവിൻ പോളി ചിത്രം ‘മിഖായേലി’ന്റെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിറങ്ങും. നവംബർ 20 ന് ഏഴുമണിയ്ക്കായിരിക്കും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്യുന്നത്. നിവിൻ പോളിയുടെ ജന്മദിനത്തിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു.

മിഖായേലില്‍ നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ‘ഗ്രേറ്റ് ഫാദറി’ന്റെ സംവിധായകനും ‘അബ്രഹാമിന്റെ സന്തതികളു’ടെ തിരക്കഥാകൃത്തുമായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍.

ഫാമിലി ത്രില്ലര്‍ മൂഡില്‍ തയാറാക്കുന്ന ബിഗ് ബജറ്റ് ചിത്രമാകും ഹനീഫ് അദേനി ഒരുക്കുന്ന ‘മിഖായേൽ’. സിനിമയുടെ ഭൂരിഭാഗം വിദേശത്തായിരിക്കും ചിത്രീകരിക്കുക. ആഫ്രിക്കന്‍ രാജ്യങ്ങളിലാകും ചിത്രീകരണം നടക്കുക എന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം ആന്‍റോ ജോസഫ് ആണ് നിർമ്മിക്കുന്നത്.

ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രമെത്തുന്നത്. ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമായിരിക്കും മിഖായേല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ.ചിത്രത്തിൽ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരും പ്രാധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കും.