സിനിമയെ സ്നേഹിക്കുന്നവർക്ക് സന്തോഷവാർത്തയൊരുക്കി ‘സിഫ്രാ’…

November 22, 2018

സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത… സിനിമ കാണാനും സിനിമയെക്കുറിച്ച് പഠനം നടത്താനും ആഗ്രഹിക്കുന്നവർക്കായി ചലച്ചിത്ര അക്കാദമിയുടെ അഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഒരു പുതിയ കേന്ദ്രം ആരംഭിച്ചു.

മലയാളത്തിന്റെ എന്നത്തേയും പ്രിയനടൻ സത്യന്റെ പേരിൽ ആരംഭിച്ച സ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

സെന്റർ ഫോർ ഇൻഫർമേഷൻ ഫിലിം റിസേർച്ച് ആൻഡ് ആർക്കൈവ്‌സ് എന്ന സ്ഥാപനത്തിലൂടെ സിനിമയുടെ ചരിത്രമറിയുന്നതിനും സിനിമയെക്കുറിച്ച് ഗവേഷണങ്ങൾ നടത്തുന്നതിനുമുള്ള സൗകര്യങ്ങൾ ലഭിക്കുന്നതാണ്.

മലയാള സിനിമയുടെ ചരിത്രം പറയുന്ന ഡോക്യൂമെന്ററികൾ സിനിമയുടെ പഴയകാല പോസ്റ്ററുകൾ, സിനിമാ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ, സിനിമ പാട്ടുകൾ അടങ്ങിയ ബുക്കുകൾ എന്നിവയുടെ വലിയ ശേഖരമാണ് ഈ സ്ഥാപനത്തിൽ ഒരുക്കിയിരിക്കുന്നത്.

മലയാളത്തിലെ ആദ്യകാല ചിത്രങ്ങൾ തുടങ്ങി പതിനായിരത്തിലധികം മലയാള സിനിമകൾക്കൊപ്പം ലോക ക്ലാസിക് ചിത്രങ്ങളും ഇവിടെ കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.