സോഷ്യൽ മീഡിയയിലും താരമായി ഈ അത്ഭുത ഗോളി…

January 16, 2019

നിരവധി ആരാധകരുള്ള ഗോളിയാണ് മാഞ്ചസ്റ്റർ താരം ഡേവിഡ് ഡി ഗിയ. കഴിഞ്ഞ   ഞായറാഴ്ച്ച രാത്രിയിലെ ഡി ഗിയയുടെ പ്രകടനം കണ്ട് കണ്ണ് തള്ളി നിൽക്കുകയാണ് ഫുട്ബോൾ ലോകം. മത്സരത്തിനുള്ളിൽ ഗോളാകാനൊരുങ്ങിയ രണ്ട്
ഷോട്ടുകൾ തട്ടിയകറ്റുകയും 11 സേവുകളും 32 പാസ്സുകളും 49 ടച്ചുകളുമായി കിടിലൻ  പ്രകടനമായിരുന്നു ഡി ഗിയ കഴിഞ്ഞ ദിവസം കാഴ്ച്ചവെച്ചത്.


ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ സേവ് ചെയ്ത റെക്കോര്‍ഡും ഡി ഗിയ സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ചതോടെ സോഷ്യൽ മീഡിയയിലും താരമായിരിക്കുകയാണ് ഈ താരം.. ഡി ഗിയയെ പ്രശംസിച്ചും ആഘോഷിച്ചും ആരവമാക്കുകയാണ് ഫുട്ബോൾ പ്രേമികളും ആരാധകരുമിപ്പോൾ..

കളിക്കാരൻ റുമേലു ലുക്കാക്കു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കാർട്ടൂണാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ഗോൾ പോസ്റ്റ് ഒരു ഷട്ടറുകൊണ്ട് അടച്ചുപിടിച്ച ഡിഗിയയാണ് കാർട്ടൂണിൽ. ഷട്ടറിൽ ‘ക്ഷമിക്കണം ഞായറാഴ്ച്ച ഇത് തുറക്കില്ല’ എന്നും എഴുതിവെച്ചിട്ടുണ്ട്. ഇതിനൊപ്പം ഒരുപാട് പന്തുകൾ ഡി ഗിയ  അനായാസം തട്ടിയകറ്റുന്നതും, തന്റെ ഉള്ളം കയ്യിലേക്കൊതുക്കുന്നതും തുടങ്ങി നിരവധി കാർട്ടൂണുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.