മുടി അമിതമായി കൊഴിയാറുണ്ടോ? അവയ്ക്ക് ഇവിടെയുണ്ട് പരിഹാരമാർഗങ്ങൾ…

January 25, 2019

സ്ത്രീയുടെ സൗന്ദര്യം അവളുടെ മുടിയിലാണെന്ന് പഴമക്കാർ പറയാറുണ്ട്. നീണ്ട കറുത്ത മുടിയാണ് പെണ്ണിന് അഴക് എന്ന് കരുതുന്നവർ ഇന്നത്തെ തലമുറയിൽ കുറവാണെങ്കിലും ഉള്ള മുടി മനോഹരമായി കൊണ്ട് നടക്കാൻ ഇഷ്ടപ്പെടാത്തവരായി  ആരുമില്ല…

എന്നാൽ അമിതമായി മുടി കൊഴിയുന്നതും താരൻ ഉണ്ടാകുന്നതുമാണ് പ്രധാനമായും മുടിയെ ബാധിക്കുന്ന പ്രശ്നങ്ങൾ. പുരുഷനെയും സ്ത്രീയെയും ഒരുപോലെ ബാധിക്കുന്ന മുടികൊഴിച്ചിലിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. പോഷകാഹാരത്തിന്റെ കുറവ്, താരന്‍, വിളര്‍ച്ച, വിറ്റാമിന്‍-ബിയുടെ കുറവ്, സ്‌ട്രെസ്, വളരെ നേരം വെയിലിലും ചൂടിലും നില്‍ക്കുന്നതോടെ തലയിൽ വിയർപ്പിന്റെ അംശം  ഉണ്ടാകുന്നത്, ഹൈപ്പോതൈറോയിഡിസം, കീമോതെറാപ്പി അങ്ങനെ പലതുമാകാം മുടി കൊഴിയുന്നതിന്‌ പിന്നിലെ കാരണങ്ങൾ.

മുടി ഊരി പോകുന്നതുപോലെ കൊഴിയുന്നത് പലപ്പോഴും ജീവിത രീതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടോ, ഉപയോഗിക്കുന്ന വെള്ളത്തിന്റെയോ, ഭക്ഷണത്തിന്റെയോ മാറ്റങ്ങൾ കൊണ്ടോ ആകാറുണ്ട്. പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ നമുക്ക് തന്നെ മാറ്റാവുന്നതാണ്. ഇതിന് മുടിക്കാവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ആഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പാല്‍, ചിക്കന്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍, നട്ട്‌സ്, ധാന്യങ്ങള്‍ എന്നിവ കൂടുതലായി കഴിക്കുക.

ചിലപ്പോൾ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ മാനസീക സംഘർഷങ്ങൾ എന്നിവയും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ നിന്നും മാറിനിൽക്കുകയാണ് ഇതിന് ഉത്തമമായ മാർഗങ്ങൾ. എന്നാൽ വ്യായാമമോ, യോഗയോ പരിശീലിക്കുന്നതിലൂടെ ഇതിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്തുന്നതിനും സാധിക്കും.

ഉപയോഗിക്കുന്ന ഷാംപൂ കണ്ടീഷ്ണർ എന്നിവയും ചില സൗന്ദര്യ വർധക വസ്തുക്കളും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. അതിനാൽ ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷനോട് കൂടിയ ഷാംപുവും മറ്റ് ക്രീമുകളും ഉപയോഗിക്കാം. ചിലപ്പോൾ മറ്റ് എന്തെങ്കിലും രോഗങ്ങളുടെ കാരണമായി മുടി കൊഴിയാറുണ്ട്. അതിനാൽ അമിതമായി മുടി കൊഴിച്ചിലുണ്ടെങ്കിൽ ഡോക്‌ടറെ കാണുന്നതാണ് നല്ലത്..