രണ്ടാം വരവിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; ഇന്ന് എടികെയ്‌ക്കെതിരെ

January 25, 2019

40 ദിവസത്തേ ഇടവേളയ്ക്ക് ശേഷം വീണ്ടും കാല്‍പന്ത് കളിയുടെ മാമങ്കത്തിന് അരങ്ങുണരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം പതിപ്പില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയെ നേരിടും. സീസണിന്റെ തുടക്കത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ നേടിയ വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ നേടിയ ഏക വിജയം. കൊല്‍ക്കത്തയെ പൊരുതി തോല്‍പിച്ച് ബ്ലാസ്റ്റേഴ്‌സ് രണ്ടാം വരവ് അറിയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഏറെ മാറ്റങ്ങളോടെയാണ് കേരളാബ്ലാസ്റ്റേഴ്‌സ് ഇന്ന് പോരാട്ടത്തിനിറങ്ങുക. സി കെ വിനീതും ഹോളിചരണ്‍ നര്‍സാരിയും ക്ലബ് വിട്ടു. ചെന്നൈ എഫ്‌സിക്ക് വേണ്ടിയായിരിക്കും ഇരുവരും ഇനി പന്തുരുട്ടുക. അതേസമയം രാജിവെച്ച കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ ഡേവിഡ് ജെയിംസിന് പകരക്കാരനായി എത്തിയ നെലോ വിന്‍ഗാദയിലും പ്രതീക്ഷയുണ്ട് ആരാധകര്‍ക്ക്. താരങ്ങള്‍ക്ക് ചുവടുകള്‍ പിഴയ്ക്കില്ലെന്നാണ് ആരാധകപ്രതീക്ഷ.

മിനര്‍വ പഞ്ചാബില്‍ നിന്നെത്തിയ നോങ്ദംബ നവോറെം, ചെന്നൈ എഫ്‌സിയില്‍ നിന്നും ഗോഗുകുലം വഴി എത്തിയ ബൊവറിങ്ദാവോ ബോഡോ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെ പുതുമുഖങ്ങള്‍. പോയിന്റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഒരു ജയവും ആറ് സമനിലയും അഞ്ച് പരാജയവുമാണ് ഐഎസ്എല്‍ അഞ്ചാം സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള പ്രകടനം. പോയിന്റ് നിലയില്‍ ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത.