ഒരു രാജാവിന്റെ തോന്നിവാസങ്ങളുമായി അനൂപ് മേനോൻ; ‘കിംഗ് ഫിഷ്’ ഉടൻ…

January 19, 2019

അനൂപ് മേനോൻ സംവിധായകനാകുന്നു..കിംഗ് ഫിഷ് എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോൻ സംവിധായകനാകുന്നത്. വി കെ പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ അദ്ദേഹത്തിനുണ്ടായ അസൗകര്യത്തെത്തുടർന്ന് പിന്നീട് ചിത്രം സംവിധാനം ചെയ്യാൻ നടനും തിരക്കഥാകൃത്തും കൂടിയായ അനൂപ് മേനോൻ തീരുമാനിക്കുകയായിരുന്നു.

‘ട്രിവാൻഡ്രം ലോഡ്‌ജ്‌’, ‘ബ്യൂട്ടിഫുൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരുടെയും സാന്നിധ്യത്തിൽ ഒന്നിക്കുന്ന ചിത്രം ഒരു എന്റെർറ്റൈനെർ ചിത്രമായിരിക്കുമെന്നാണ് കരുതുന്നത്. ‘ഒരു രാജാവിന്റെ തോന്നിവാസങ്ങൾ’ എന്ന ടാഗ് ലൈനോടുകൂടിയാണ്  ചിത്രം എത്തുന്നത്.

അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും കൂടി ഒന്നിക്കുന്നുവെന്ന മറ്റൊരു  പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദശരഥ വര്‍മ എന്നാണ് ചിത്രത്തില്‍ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീന്‍ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്‌കര വര്‍മയെ അനൂപ് മേനോനായിരിക്കും അവതരിപ്പിക്കുക.

ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. ധനേഷ് ആനന്ദ്, ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രതീഷ് വേഗയുടെ സംഗീതവും മഹാദേവന്‍ തമ്പി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എന്റെ മെഴുതിരി അത്താഴങ്ങളാണ് അനൂപിന്റെ തിരക്കഥയില്‍ പിറന്ന അവസാന ചിത്രം.