കേട്ടതിലും പ്രതീക്ഷിച്ചതിലും അപ്പുറമാണ് ‘പേരൻപ്’ എന്ന സത്യം; റിവ്യൂ വായിക്കാം..

അനു ജോർജ് 

മനുഷ്യർ ഇല്ലാത്ത പക്ഷികൾ മരിക്കാത്ത ഒരിടം തേടിയുള്ള യാത്ര…

ഒരു അച്ഛനും മകളും തമ്മിലുള്ള അനന്തമായ സ്നേഹത്തിന്റെ കഥ..വൈകാരിക രംഗങ്ങളിലെ സൂക്ഷ്മാഭിനയം കൊണ്ട് ആസ്വാദകരുടെ കണ്ണു നനയിച്ച മമ്മൂട്ടി ചിത്രം.. കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളും വികാരങ്ങളും കൃത്യമായും സൂക്ഷ്മമായും വരച്ചുകാണിക്കുന്ന റാം എന്ന സംവിധായകന്റെ മറ്റൊരു മികച്ച ചിത്രം ഇങ്ങനെ നീണ്ടുപോകുന്നു ‘പേരൻപ്’ എന്ന ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ

റിലീസിന് മുമ്പേ തന്നെ ചലച്ചിത്രലോകം ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ചിത്രമായിരുന്നു നിരവധി ചലച്ചിത്ര മേളകളിൽ മിന്നിത്തിളങ്ങിയ പേരൻപ്. എന്നാൽ  ആരാധകരുടെ കാത്തിരിപ്പിനും പ്രതീക്ഷയ്‌ക്കും അപ്പുറമാണ് പേരൻപ് എന്ന സത്യം.

കട്രത് തമിഴ്, തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ റാം എന്ന സംവിധായകന്റെ മറ്റൊരു അത്ഭുതമാണ് പേരന്പ് എന്ന ചിത്രം. തന്റെ മകൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു പിതാവായി മമ്മൂട്ടി ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവെയ്ക്കുമ്പോൾ സ്പാസ്റ്റിക് പരാലിസിസ് എന്ന അസുഖം ബാധിച്ച പെൺകുട്ടിയായി സാധനയും വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു.

ടാക്‌സി ഡ്രൈവറായ അമുദൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത്. ശാരീരിക അസ്വസ്ഥതകൾ ഉള്ള ഒരു പെൺകുട്ടിയുടെ അച്ഛനാണ് അമുദൻ. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെയും ഇരുവരും കടന്നുപോകുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം.

അമുദൻ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി എന്ന അനുഗ്രഹീത നടനിലെ അനന്ത സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞുവെന്നതിലും സംശയമില്ല. അമുദൻ എന്ന അച്ഛന്റെയും സ്പാസ്റ്റിക് പരാലിസിസ് ബാധിതയായ പാപ്പാ എന്ന മകളുടെയും ജീവിതം പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ പന്ത്രണ്ട് അധ്യായങ്ങളായി പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗബാധിതയായ ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ് അമുദന്‍. വളരെയേറെ വർഷങ്ങളായി കുടുംബത്തിന് വേണ്ടി ഗള്‍ഫില്‍ ടാക്‌സി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു അമുദൻ.. പെട്ടന്നൊരു ദിവസം രോഗ ബാധിതയായ മകളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ഇറങ്ങിപ്പോയി. ഈ സംഭവം അമുദന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ഇതോടെ രോഗബാധിതയായ മകൾ അമുദന്റെ സഹോദരനും കുടുംബത്തിനും ഭാരമാകുന്നു..അങ്ങനെ ഗൾഫിൽ നിന്നും തിരിച്ചെത്തിയ അയാൾ മകളുടെ സംരക്ഷണം പൂര്‍ണമായും ഏറ്റെടുക്കുന്നു..

ജീവിതത്തിൽ ഉണ്ടായ മുറിവുകൾ അമുദനെ തളർത്തി..നാട്ടിലും കുടുംബത്തിലും ഒറ്റപെടലുകൾ നേരിടേണ്ടിവന്നതോടെ രോഗബാധിതയായ മകളെയും കൂട്ടി ‘മനുഷ്യർ ഇല്ലാത്ത പക്ഷികൾ മരിക്കാത്ത ഒരിടം തേടി യാത്ര’യാകുകയാണ് ഈ പിതാവ്.  അവസാനം സുരക്ഷിതമായൊരു സ്ഥലം അയാൾ മകൾക്കായി കണ്ടെത്തുന്നു. എന്നാൽ അമ്മയുടെ വിയോഗം മാനസീകമായി തളർത്തിയ പാപ്പ സ്വന്തം അച്ഛനെപ്പോലും പേടിയോടെയാണ് നോക്കുന്നത്.

ഒരു പെൺകുട്ടിയുടെ വളർച്ചയുടെ ഘട്ടത്തിൽ ഒരു അമ്മയ്ക്കുമാത്രം ചെയ്തുകൊടുക്കാൻ പറ്റുന്ന പലതും അമുദന് മകൾക്കായി ചെയ്യേണ്ടിവരുകയാണ്… പെണ്‍കുട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്ന ഒരു  പിതാവിന്റെ പരിമിതികള്‍ സൃഷ്ടിച്ച ദൈന്യത അതിഗംഭീരമായാണ് മമ്മൂട്ടി സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. മകൾക്ക് പ്രായപൂർത്തിയായ ഘട്ടത്തിൽ ശാരീരികമായും മാനസികമായുമുള്ള അവളിലെ മാറ്റങ്ങൾ പേടിയോടെ നോക്കിക്കാണുന്ന അച്ഛൻ എല്ലാ സാധാരണ ആളുകളെയും പോലെ അവളിലും വികാരങ്ങൾ ഉണ്ടാകുന്നതായി തിരിച്ചറിയുന്നു..

തന്റെ മകൾക്ക് ഒരിക്കലും ഒരു വിവാഹ ജീവിതം സാധ്യമല്ല എന്ന് തിരിച്ചറിവുള്ള ആ അച്ഛൻ സ്വന്തം മകൾക്ക് വേണ്ടി കയറിയിറങ്ങുന്ന പല സ്ഥലങ്ങളും ഏതൊരു സാധാരണക്കാരന്റെയും നെഞ്ചൊന്ന് പിളർക്കുമെന്നതിൽ സംശയമില്ല.

പാപ്പയെ സംരക്ഷിക്കാൻ വീട്ടുജോലിക്കായി വരുന്ന അജ്ഞലിയുടെ കഥാപാത്രവും, ട്രാന്‍സ്ജെന്‍ഡര്‍ ലൈംഗിക തൊഴിലാളിയായി വേഷമിട്ട അഞ്ജലി അമീറിന്റെ കഥാപാത്രവും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി.

പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ കഥ കടന്നുപോകുമ്പോൾ സിനിമയെ ഏറ്റവും മനോഹരമാക്കാൻ മികച്ച പിന്തുണയാണ് ഛായാഗ്രാഹകനായ തേനി ഈശ്വറും ചിത്രത്തോട് ചേർന്ന് നിൽക്കുന്ന സംഗീതം ഒരുക്കി യുവാൻ രാജയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരും നൽകിയിരിക്കുന്നത്.

വൈകാരികമായി ആഘാതമേല്‍പ്പിക്കുന്ന കഥയും കഥാപാത്രങ്ങളുമായി ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ ചിത്രം പിടിച്ചിരുത്തുമെന്നതിൽ സംശയമില്ല..

Leave a Reply

Your email address will not be published. Required fields are marked *