കാത്തിരിപ്പിന് വിരാമം ‘യാത്ര’ തീയറ്ററുകളിലേക്ക്…

February 8, 2019

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ‘യാത്ര’ ഇന്ന് തീയറ്ററുകളിലേക്കെത്തുന്നു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യാത്ര’ എന്ന തെലുങ്ക് ചിത്രത്തെ ഏറെ ആവേശത്തോടെയാണ്  ആരാധകർ കാത്തിരിക്കുന്നത്. ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. രണ്ടാം തവണയും മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് വൈ എസ് ആര്‍ കൊല്ലപ്പെട്ടത്. ഏറെ ജനകീയനായിരുന്നു വൈ എസ് ആര്‍. വിജയ് ചില്ലയും ശശി ദേവറെഡ്ഡിയും ചേര്‍ന്നാണ് യാത്രയുടെ നിര്‍മ്മാണം.

നേരത്തെ പുറത്തിറങ്ങിയ യാത്രയിലെ ‘സമര ശംഖം’ എന്നുതുടങ്ങുന്ന ഗാനത്തിന് ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഈ ഗാനം ആലപിച്ചിരിക്കുന്നത് കാലാ ഭൈരവി ആണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ പിതാവായി എത്തുന്നത് പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജഗപതി ബാബുവാണ്.

സുഹാസിനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒരു കാലത്തെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികള്‍ മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 80, 90 കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന ഇരുവരും നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്.