കാത്തിരിപ്പ് അവസാനിക്കുന്നു; ‘ജൂൺ’ തിയേറ്ററുകളിൽ….

February 15, 2019

രജീഷ വിജയൻ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രം ജൂണിനായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു ആരാധകർ. രജിഷ വിജയൻ ആറ് വ്യത്യസ്ഥ ലുക്കുകളിൽ എത്തുന്ന ചിത്രമാണ് ജൂൺ. ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. നവാഗതനായ അഹമ്മദ് കബീറാണ് ജൂണിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇഫ്തിയാണ് ജൂണിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു പെൺകുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയോടുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണിൽ പറയുന്നത്. നായികാ കേന്ദ്രികൃതമായ സിനിമയാണ് ജൂൺ. അങ്കമാലി ഡയറീസ്, ആട്-2 എന്നീ സിനിമകൾക്ക് ശേഷം ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ജൂൺ.

അങ്കമാലി ഡയറീസ് പോലെ തന്നെ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ലിബിൻ വർഗീസ് ജീവൻ ബേബി മാത്യു, അഹമ്മദ് കബീർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.