‘ഒരിക്കലും നടക്കില്ല എന്ന് തിരിച്ചറിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് മുമ്പ് പൂട്ടിക്കെട്ടിയ ചിത്രം ഇന്ന് യാഥാർഥ്യമായതിന് പിന്നിൽ’.. വിശേഷങ്ങളുമായി സംവിധായകൻ ഗിരീഷ് മാട്ടട

March 2, 2019

ഒരിക്കലും നടക്കില്ല എന്ന് തിരിച്ചറിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് മുമ്പ് പൂട്ടിക്കെട്ടിയ ചിത്രം ഇന്ന് യാഥാർഥ്യമായതിന് പിന്നിലെ കഥ വെളിപ്പെടുത്തി സംവിധായകൻ ഗിരീഷ് പണിക്കർ മാട്ടട.  നവാഗതനായ സംവിധായകൻ ഗിരീഷ് പണിക്കർ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാംബിനോസ്.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഒരു ഇറ്റാലിയൻ അധോലോക  കുടുംബത്തിന്റെ കഥയാണ് ഗാംബിനോസ് എന്ന ചിത്രത്തിലൂടെ പറയുന്നത്. മാർച്ച് എട്ടിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം ഇതുവരെ മലയാള സിനിമ കാണാത്ത ഒരു പുതിയ സസ്‍പെൻസ് ത്രില്ലറായിരിക്കും. പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി   സംവിധായകൻ ഗിരീഷ് പണിക്കർ….

കോഴിക്കോട് മുതൽ ഓസ്‌ട്രേലിയ വരെ ഒരു സിനിമ യാത്ര…

കോഴിക്കോട്  ജനിച്ചു വളർന്ന ഗിരീഷ് എന്ന ചെറുപ്പക്കാരൻ  പെട്ടന്നൊരു ദിവസം അവിചാരിതമായി സിനിമയിലേക്കു എത്തിയതല്ല. അതിന് പിന്നിൽ സിനിമയോടുള്ള അടങ്ങാത്ത സ്നേഹവും, സിനിമ അറിയാനുള്ള ഒരിക്കലും അവസാനിക്കാത്ത ആഗ്രഹവുമായിരുന്നു. മദ്രാസിൽ നിന്ന് ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചിറങ്ങിയ ഗിരീഷ് ന്യൂസിലാൻഡിൽ നിന്ന് ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അപ്പോഴും സിനിമയോടുള്ള കടുത്ത പ്രണയം അയാളിൽ നിലനിന്നിരുന്നു.

പിന്നീട് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ സിനിമ പഠനത്തിൽ എത്തിക്കുകയായിരുന്നു. ഫിലിം മേക്കിങ്ങിൽ ന്യൂസിലൻഡിൽ നിന്നും ഡിപ്ലോമ നേടിയ ഗിരീഷ് അവിടെയും അവസാനിപ്പിച്ചില്ല തന്റെ സിനിമ ഭ്രാന്ത്. വീണ്ടും ന്യൂയോക്ക് ഫിലിം അക്കാദമി, ലോസ് ആഞ്ചലിൽസിൽ നിന്നും ഫിലിം മേക്കിങ് പൂർത്തിയാക്കിയ ഗിരീഷ് മലയാളത്തിലെ പ്രമുഖ സിനിമ സംവിധായകൻ  വിനയന്റെ അസിസ്റ്റന്റായി നിരവധി സിനിമകളിൽ ജോലി ചെയ്തു.

സിനിമ എങ്ങനെ ജീവിതമായി…

‘സ്വന്തമായി ഒരു സിനിമ ചെയ്യാനെത്തുമ്പോൾ സിനിമയെ നന്നായി അറിഞ്ഞിരിക്കണം. സിനിമ ഒരു ചെറിയ കാര്യമല്ല, അതിന്റെ അകവും പുറവും നന്നായി അറിഞ്ഞെങ്കിൽ മാത്രമേ അതിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ സാധിക്കൂ’…ഈ തിരിച്ചറിവാണ് ഗിരീഷിന് തന്റെ സിനിമ ചെയ്യാൻ വർഷങ്ങളോളം കാത്തിരിക്കാൻ ഊർജം നൽകിയത്.

ആദ്യ സിനിമലേക്കുള്ള എത്തപെടൽ…

ഒരു സിനിമ ചെയ്യുക എന്ന് തീരുമാനമെടുക്കാൻ എളുപ്പമാണ് എന്നാൽ ആ സിനിമയാകാം ഒരുപക്ഷെ ജീവിതത്തെ മാറ്റിമറയ്ക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യ സിനിമ വളരെയധികം ഹോം വർക്ക് ചെയ്തതിന് ശേഷം മാത്രമാണ് എടുത്തത്. സിനിമയെക്കുറിച്ച് സ്വപ്നം കണ്ട് തുടങ്ങിയപ്പോൾ തന്നെ ഒരു ക്രൈം ത്രില്ലർ എടുക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് ഇറ്റലിയിലെ ഒരു അധോലോക കുടുംബത്തെക്കുറിച്ച് അറിയുന്നത്. എന്നാൽ ഇത് വെറുമൊരു അധോലോക കുടുംബത്തിന്റെ കഥയല്ല. കുടുംബ ബന്ധത്തിന്റെയും സ്നേഹത്തിന്റെയും പ്രാധാന്യം വിളിച്ചുപറയുന്ന ചിത്രം കൂടിയാണ്.

‘ദി ഗ്യാംബിനോസ്’ എന്ന പേരിന് പിന്നിൽ..

മലയാളം ചിത്രത്തിന് മലയാളം പേരു നൽകണമെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ ഓരോ ചിത്രത്തിനും അതിന്റെ സ്വഭാവത്തിനനുസരിച്ചുള്ള പേരുകളാണ് നൽകേണ്ടത്. ഒരു അധോലോക കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തിന് ഏറ്റവും മികച്ച പേര് ഗ്യാംബിനോസ് തന്നെയായിരിക്കുമെന്ന് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പറയുമെന്നും പ്രതീക്ഷിക്കുന്നു.

കാസ്റ്റിങ്ങിലെ വെല്ലുവിളികൾ…

ദി ഗ്യാംബിനോസ് എന്ന ചിത്രവുമായി അഞ്ച് വർഷം മുമ്പ് നിരവധി താരങ്ങളെ സമീപിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. അങ്ങനെ കഥയ്ക്ക് യോജിച്ച ഒരു നടനെ കിട്ടാത്തതിന്റെ പേരിൽ ആ സിനിമ പാക്ക് ചെയ്യേണ്ടി വന്നിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഗ്യാംബിനോസ് എന്ന ചിത്രവുമായി എത്തുന്നത്.

വിഷ്ണു വിനയ് എന്ന ശാന്തസ്വഭാവക്കാരൻ…

വിനയൻ എന്ന സംവിധായകനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതുകൊണ്ടുതന്നെ തന്റെ ചിത്രത്തിൽ വിഷ്ണു അഭിനയിച്ചാല്‍ കൊള്ളാമെന്ന്‌ ആദ്യം അഭിപ്രായം പറഞ്ഞത് വിനയൻ സാറിനോടാണ്. വിഷ്ണുവിന്റെ പല ചിത്രങ്ങളും കണ്ടു, അതിൽ നിന്ന് നല്ലതും ചീത്തയും വേർതിരിച്ചെടുത്ത് വിഷ്ണുവിനെ ഗ്യാംബിനോസിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു.

വിഷ്ണുവിന്റെ മറ്റ് സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഗ്യാംബിനോസിലേത്.  വിഷ്ണു എന്ന നടന് വലിയ അഭിനയ സാധ്യതകൾ തുറന്നുകൊടുക്കുന്ന ഒരു ചിത്രമാണ്. അതുകൊണ്ടുതന്നെ ഇത് വിഷ്ണുവിന്റെ കരിയറിലെ ഒരു ബ്രെയ്ക്ക് ത്രൂ ആവുമെന്നതിൽ സംശയമില്ല.

ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെക്കുറിച്ച്…

ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാധിക ശരത് കുമാറാണ്. ശക്തമായ  സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാള സിനിമയിൽ നിന്നും ഒരു നടിയെ തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടുതന്നെ സ്ക്രിപ്റ്റുമായി രാധികയെ സമീപിച്ചു. കഥ കേട്ട ഉടൻ തന്നെ  രാധിക സമ്മതം മൂളുകയായിരുന്നു.

ചിത്രത്തിൽ സമ്പത്തും ഒരു മുഖ്യകഥാപാത്രമായി വേഷമിടുന്നുണ്ട്. ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സമ്പത്ത് രാജ് അവതരിപ്പിക്കുന്നത്. ശ്രീജിത്ത് രവി, സാലു കെ ജോര്‍ജ്, സിജോയ് വര്‍ഗീസ്, മുസ്തഫ, നീരജ, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും ചത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

‘സിനിമ’ അറിഞ്ഞതും പഠിച്ചതും…

സംവിധായകൻ വിനയനൊപ്പം എട്ടിലധികം ചിത്രങ്ങളിൽ വർക്ക് ചെയ്തിട്ടുണ്ട്. വിനയന്റെ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘വാർ ആൻറ് ലവ്’, ‘കരുമാടിക്കുട്ടൻ’, ‘ഇൻഡിപെൻഡൻസ്’ തുടങ്ങി നിരവധി ചിത്രങ്ങൾ സിനിമയിലേക്കുള്ള ചുവടുവെയ്പ്പിന് ആധാരമായിരുന്നു.

മലയാള സിനിമയിൽ ഏറ്റവുമധികം ഇഷ്ടപെട്ടത് പത്മരാജൻ സിനിമകളാണ്. അദ്ദേഹത്തിന്റെ സിനിമ അവതരണത്തിലെ ശൈലി സിനിമയിലേക്ക് കൂടുതൽ ആകർഷിക്കുന്നതാണ്. വളരെ നിഗൂഢതകൾ നിറഞ്ഞുനിൽക്കുന്ന കഥകളും മുത്തശ്ശിക്കഥകൾ പോലെ പറയുന്നതാണ് മറ്റ് സംവിധായകരിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തുന്നത്.

പുതിയ സിനിമകളിൽ പലതിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രവും അത്തരത്തിൽ ഒരുപാട് പഠിക്കാനുള്ള ചിത്രമാണ്.

മറ്റ് സിനിമകളിൽ നിന്നും ഗ്യാംബിനോസ് വേറിട്ട് നിൽക്കുന്നത് ഈ വഴികളിലൂടെ …

ചിത്രത്തിന്റെ പേരു മുതൽ ചിത്രത്തിലെ ഗാനം വരെ കാത്തുസൂക്ഷിക്കപെട്ട ചിലത് ഈ ചിത്രത്തിലുമുണ്ട്. മലയാളം സിനിമയ്ക്ക് ഇംഗ്ലീഷ് പേര് നൽകിയപ്പോൾ അതൊരു റിസ്കി ജോബ് ആണെന്നറിഞ്ഞിട്ടും കഥയ്ക്ക് കൂടുതൽ യോജിച്ചത് അതാണെന്ന തിരിച്ചറിവാണ് ആ പേരിൽ ഉറച്ചു നിൽക്കാൻ പ്രേരിപ്പിച്ചത്.

അതുപോലെ കഥാവികസനത്തെ തടയുന്ന രീതിയിൽ പാട്ടുകൾ ഔചിത്യമില്ലാതെ തിരുകിക്കയറ്റുന്ന പ്രവണത ഒഴുവാക്കപ്പെടണമെന്ന ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ചിത്രത്തിൽ ആവശ്യമായ രീതിയിലുള്ള പാട്ടു മാത്രം ചേർത്തു.

രണ്ട് മണിക്കൂറും രണ്ട് മിനിറ്റും മാത്രം ദൈർഘ്യമുള്ള ചിത്രം വെറും 22 ദിവസത്തിനുളിൽ പൂർത്തിയാക്കാൻ സാധിച്ചു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായി തിരഞ്ഞെടുത്തത് കോഴിക്കോട് തന്നെയാണ്. ഒരു അധോലോക കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രണയവും പ്രതികാരവും പ്രമേയമായി വരുന്നുണ്ട്.

പുതിയ ചിത്രങ്ങൾ…

ഇനിയും സിനിമകൾ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. അടുത്ത ചിത്രം ഓസ്‌ട്രേലിയയിൽ ചെയ്യാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. നല്ലൊരു കഥ ഒത്തുവന്നാൽ മമ്മൂട്ടിയെ നായകനാക്കി ചിത്രം ചെയ്യാൻ ആഗ്രഹമുണ്ട്.  പക്ഷെ ഗ്യാംബിനോസിലാണ് ഇപ്പോൾ എല്ലാ പ്രതീക്ഷയും.

മലയാളികൾ എന്നും വ്യത്യസ്ഥത ഇഷ്ടപെടുന്നവരാണ്. നല്ല സിനിമയെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന ആസ്വാദകരാണ് പുതിയ സംവിധായകർക്ക് പ്രചോദമാകുന്നത്. ഈ തിരിച്ചറിവാണ് മുന്നോട്ട് പോകാനുള്ള ഊർജമാകുന്നതും.