ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനം: പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

March 14, 2019

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. ഇരു ടീമുകള്‍ക്കും നിര്‍ണായകമായ അവസാന ഏകദിന മത്സരത്തില്‍ 35 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ വിജയ പ്രതീക്ഷയോടെ തന്നെയായിരുന്നു അഞ്ചാം ഏകദിനത്തില്‍ പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ട വീര്യം ഫലം കണ്ടില്ല.

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ക്കെ ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് സാധിച്ചു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് ആണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 237 റണ്‍സാണ് എടുത്തത്.

ഓസ്‌ട്രേലിയയുടെ ഓപ്പണര്‍മാരില്‍ ഒരാളായ ഉസ്മാന്‍ ഖ്വാജയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ടീമിനെ തുണച്ചത്. ഖ്വാജയുടെ സെഞ്ചുറി മികവില്‍ ഓസ്‌ട്രേലിയ വിജയകിരീടം ചൂടി. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

Read more:ശ്രദ്ധേയമായി ജൂണിലെ ‘അസുര ഇന്‍ട്രോ സോങ്’; വീഡിയോ

ബാറ്റിങിന്റെ തുടക്കം മുതല്‍ക്കെ കാര്യമായ മികവ് പുലര്‍ത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 12 റണ്‍സ് എടുത്ത ശിഖര്‍ ധവാനെ ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായി. എങ്കിലും രോഹിത്ത് ശര്‍മ്മയും വീരാട് കോഹ് ലിയും ചേര്‍ന്ന് സാമാന്യം ഭേദപ്പെട്ട ചെറുത്തുനില്‍പ്പിന് ശ്രമിച്ചിരുന്നു. എന്നാല്‍ 20 റണ്‍സെടുത്തപ്പോഴേക്കും കോഹ് ലിയെയും ഇന്ത്യയ്ക്ക് നഷ്ടമായി. 56 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് രോഹിത് ശര്‍മ്മ കളം വിട്ടത്. 44 റണ്‍സെടുത്ത കേദാര്‍ ജാദവും 46 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറും നന്നായി പൊരുതിയെങ്കിലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ ആയില്ല.

ഏറെ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് ഇരു ടീമുകളും ഇന്നലെ പോരാട്ടത്തിനിറങ്ങിയത്. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷാമിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരുന്നു. യുസ്വേന്ദ്ര ചാഹലും കെ എല്‍ രാഹുലുമാണ് നിര്‍ണായക  മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നത്.  അതുപോലെ തന്നെ ഓസ്ട്രേലിയന്‍ ടീമില്‍ നിന്നും ഷോണ്‍ മാര്‍ഷിനെയും മാറ്റിയിരുന്നു. മാര്‍ക്കസ് സ്റ്റോയിന്‍സാണ് ഷോണ്‍ മാര്‍ഷിന്‍റെ പകരക്കാരനായെത്തിയത്. ഡല്‍ഹിയിലെ ഫിറോഷ കോട്ല സ്റ്റേഡിയമായിരുന്നു ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരന്പരയിലെ നിര്‍ണായക മത്സരത്തിന്‍റെ വേദി.