യാത്രക്കിടെ പെട്രോൾ തീർന്നാൽ ഇനി ടെൻഷൻ വേണ്ട; സഞ്ചരിക്കുന്ന പെട്രോൾ പമ്പ് നിങ്ങളുടെ മുന്നിലെത്തും

March 24, 2019

യാത്രക്കിടെ പെട്രോൾ തീർന്നു പോകുന്നതും വണ്ടി നിന്നു പോകുന്നതുമൊക്കെ പലപ്പോഴും സംഭവിയ്ക്കാറുള്ള കാര്യമാണ്. ചിലപ്പോഴൊക്കെ നീണ്ട യാത്രകൾക്കിടയിൽ പെട്രോൾ പമ്പുകൾ കണ്ടുപിടിക്കാനും ബുദ്ധിമുട്ടും. ഇത് പരിഹരിക്കാനായി കുപ്പികളിലും മറ്റുമായി വണ്ടികളിൽ പെട്രോൾ വാങ്ങി സൂക്ഷിക്കാറുണ്ട് പലരും. എന്നാൽ ഇത് വളരെ അപകടകരമാണ്. പ്രത്യേകിച്ച് സ്കൂട്ടി പോലുള്ള  ഇരു ചക്ര വാഹനങ്ങളിൽ.

എന്നാൽ ഇനി ഇടയ്ക്ക് പെട്രോൾ തീർന്നു പോകുമോ എന്ന ടെൻഷൻ വേണ്ട. തീർന്നാൽ തീരട്ടെ നമുക്ക് ഇനി ഇന്ധന വണ്ടിയുണ്ടല്ലോ. വീട്ടുമുറ്റത്തോ റോഡിലോ എവിടെ ആണെങ്കിലും ഒരു പ്രശ്നവുമില്ല. മൊബൈൽ ആപ്പിലൂടെ ബുക്ക് ചെയ്താൽ മാത്രം മതി. പിന്നെ സംഗതി നമ്മൾ ആവശ്യപെടുന്നയിടത്ത് എത്തിക്കോളും.

Read more: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് പോയാൽ..; ശ്രദ്ധിക്കാം ഈ ഏഴ് കാര്യങ്ങൾ

കേരളത്തിൽ മലപ്പുറത്താണ് ആദ്യ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് ആരംഭിച്ചത്. മലപ്പുറത്തെ പി എം ആർ പമ്പിനാണ് സഞ്ചരിക്കുന്ന പെട്രോൾ പമ്പിനായുള്ള ലൈസൻസ് ലഭിച്ചത്. പൂനെ ആസ്ഥാനമായുള്ള റീപോസ് കമ്പനിയാണ് പുതിയ സൗകര്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭാരത്‌ പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പെട്രോൾ കമ്പനികളുമായി ചേർന്നാണ് റീപോസ് കമ്പനി പുതിയ സംരംഭത്തിന്  തുടക്കം കുറിച്ചിരിക്കുന്നത്. സഞ്ചരിക്കുന്ന പെട്രോൾ വാഹനം വരുന്നതോടെ റീപോസ് ആപ്പിലൂടെ ഇന്ധനം ബുക്ക് ചെയ്യാനും ഓൺലൈനായി പണമടയ്ക്കാനും സാധിക്കും.

സഞ്ചരിക്കുന്ന പെട്രോൾ പമ്പ് വരുന്നതോടെ ഇനി യാത്രകൾ കൂടുതൽ സന്തോഷകരമാക്കാം. വഴിയിൽ വച്ചോ, യാത്രക്കിടയിലോ പെട്രോൾ തീർന്നുപോകുമോ എന്ന ടെൻഷനും ആവശ്യമല്ല. ഇപ്പോൾ മലപ്പുറം ജില്ലയിൽ ആരംഭിച്ചിരിക്കുന്ന ഈ സൗകര്യം കൂടുതൽ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.