ചൂടിനെ നേരിടാന്‍ സംഭാരം

March 28, 2019

പുറത്തിറങ്ങിയാല്‍ ചുട്ടുപൊള്ളുന്ന ചൂടാണ്. ശരീരം വേഗത്തില്‍ ക്ഷീണിക്കുന്ന ഈ കാലാവസ്ഥയില്‍ സംഭാരം (മോര്) കുടിക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മോരിന്റെ സ്ഥാനം. അതുകൊണ്ടുതന്നെ ചൂടുകാലാവസ്ഥയില്‍ ശരീരം തളരുന്നതിന് നല്ലൊരു പരിഹാരമാണ് മോര്.

സ്വാദിന്റെ കാര്യത്തിലും സംഭാരം ഏറെ മുന്നില്‍തന്നെയാണ്. വെള്ളം ചേര്‍ത്ത മോരില്‍ അല്പം ചെറിയുള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചതച്ച് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്താല്‍ സംഭാരം റെഡി. നിരവധി പോഷകങ്ങളും മോരില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്ഷീണമകറ്റാന്‍ ഉത്തമമാണ് സംഭാരം.

പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ലിപ്പിഡുകള്‍, എന്‍സൈമുകള്‍ എന്നിവയെല്ലാം മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ ഇവ സഹായിക്കും. സംഭാരം ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്തുന്നതിനും സഹായകമാണ്. വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്ന മോര് ദാഹത്തിനും ദേഹത്തിനും ഒരുപോലെ ഗുണകരമാണ്.

ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലതാക്കാനും മോര് സഹായിക്കുന്നു. മോര് ശീലമാക്കുന്നതുവഴി ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സാധിക്കും. ധാരാളം ഗുണങ്ങളുള്ള മോര് ചൂടുകാലത്ത് ശീലമാക്കിയാല്‍ ക്ഷീണത്തെ ഒരുപരിധിവരെ അകറ്റിനിര്‍ത്താന്‍ സാധിക്കും.

Read more:വൈറസില്‍ രേവതിയും; ശ്രദ്ധേയമായി ലൊക്കേഷന്‍ ചിത്രം

അതേസമയം കേരളത്തില്‍ വേനല്‍ച്ചൂട് വര്‍ധിക്കുന്നു. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ളതിനേക്കാള്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് നിര്‍ദ്ദേശം. അതേസമയം സൂര്യഘാതത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് സംസ്ഥാനത്ത്. പാലക്കാട് തുടര്‍ച്ചയായി മൂന്നാം ദിവസവും 41 ഡിഗ്രി സെല്‍ഷ്യസാണ് ചൂട്. ഇന്നലെ മാത്രമായി 45 പേര്‍ക്കാണ് സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ സൂര്യാതപമേറ്റത്. രണ്ട് പേര്‍ക്ക് സൂര്യാഘാതവുമേറ്റു.

അതേസമയം രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ നേരിട്ട് വെയില്‍ കൊള്ളരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് ഇതിനോടകം 284 പേര്‍ക്ക് സൂര്യാതപം ഏറ്റിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക സമതിയെയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.