‘ചില നേരം ചില മനുഷ്യർ’; മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിന്റെ അവിശ്വസനീയ പ്രകടനത്തിൽ കണ്ണുടക്കി ക്രിക്കറ്റ് ലോകം

തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള നിമിഷങ്ങൾ.. ആരും പതറിപോകുന്ന നേരം…തീരുമാനം തെറ്റായിപ്പോയെന്ന് തോന്നിച്ച ചില സെക്കന്റുകൾ.. മനശക്തി കൈവിടാതെ ടീമിനെ മുഴുവൻ ചുമലിലേറ്റി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് നേരിട്ട ആ നിമിഷങ്ങൾ മുംബൈയ്ക്ക് സമ്മാനിച്ചത് വിജയം മാത്രമല്ല.. അടങ്ങാത്ത ആത്മവിശ്വാസവും കൂടിയാണ്….ഐതിസാഹിക ഇന്നിംഗ്‌സുമായി കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് തുടർക്കഥകൾ മാറ്റിയെഴുതുകയായിരുന്നു.

കളിയുടെ അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ മുംബൈയുടെ ക്യാപ്റ്റൻ പൊള്ളാർഡ് 31 പന്തിൽ നിന്നും 83 റൺസ് നേടി. പത്ത് സിക്‌സും നാല് ഫോറും അടങ്ങുന്നതാണ് പൊള്ളാർഡിന്റെ വെടിക്കെട്ട്. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരം ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു..വിജയം മുന്നിൽ കൊണ്ടുകൊണ്ടുള്ള പഞ്ചാബ് കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ അവസാന നിമിഷം മുംബൈ ഇന്ത്യൻസ് പഞ്ചാബിന്റെ കൈയിൽ നിന്നും വിജയം പിടിച്ചുവാങ്ങുകയായിരുന്നു. ഈ വിജയത്തോടെ മുംബൈ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 197 റൺസ് നേടി. ലോകേഷ് രാഹുലിന്റെ സെഞ്ചുറിയുടെ ബലത്തിൽ പഞ്ചാബ് കളിയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചപ്പോൾ 64 പന്തിൽ ആറ് സിക്സും ആറ് ഫോറുമായി രാഹുൽ സെഞ്ച്വറി നേടി. ഓപ്പണിങ് കൂട്ടുകെട്ടിൽ ഗെയിലും രാഹുലും തകർത്തടിച്ചപ്പോൾ ഇരുവരും ചേർന്ന് 116 റൺസ് നേടി. 36 പന്തിൽ 63 റൺസെടുത്ത ഗെയിലിനെ പുറത്താക്കി ജേസണ്‍ ബെഹറന്‍ഡോര്‍ഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. വിക്കറ്റ് നേടിയ ഹർദിക് പാണ്ട്യ അവസാന ഓവറുകളിൽ രാഹുലിന്റെ ബാറ്റിംഗ് കരുത്തിന് മുൻപിൽ പതറി.

അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കത്തിലെ പ്രകടനം ഗ്യാലറിയെ മുഴുവൻ നിരാശരാക്കിയെങ്കിലും തകർത്തടിച്ച് വെടിക്കെട്ട് ബാറ്റിങ് നടത്തിയ ക്യാപ്റ്റൻ പൊള്ളാർഡിന്റെ പ്രകടനം കളിയിൽ അവിശ്വസനീയമാം വിധം വിജയം നേടിത്തന്നു.

Leave a Reply

Your email address will not be published. Required fields are marked *