ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ദുല്‍ഖര്‍സല്‍മാന്‍

അഭിനയത്തിനൊപ്പം ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം ചുവടുവെയ്ക്കുന്ന താരങ്ങള്‍ നിരവധിയാണ്. ഇപ്പോഴിതാ വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ക്കുന്ന മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഔദ്യോഗിക ഫെയ്‌സ്ബുക്കിലൂടെ ദുല്‍ഖര്‍ സല്‍മാന്‍തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

അതേ സമയം ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയുടെയും സിനിമയുടെയും പേര് വ്യക്തമാക്കിയിട്ടില്ല. ബാനറിന്റെ പേരും സിനിമയുടെ പേരും ഉടനെ പ്രഖ്യാപിക്കുമെന്നും ദുല്‍ഖര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള കാസ്റ്റിങ് കോളും താരം ഫെയ്‌സ്ബുക്കില്‍ പങ്കെവെച്ചിട്ടുണ്ട്. ഏപ്രില്‍ 27 വരെ എന്‍ട്രികള്‍ അയയ്ക്കാം. സിനിമയുടെ ചിത്രീകരണം മെയ് മാസം തുടങ്ങുമെന്നാണ് സൂചന.

അതേസമയം തീയറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രം. ബി സി നൗഫല്‍ ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തുന്ന ചിത്രത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഒരു യമണ്ടന്‍ പ്രേമകഥയില്‍ ലല്ലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്.

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തിരക്കേറിയ നടനായി മാറിയ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടന്‍ പ്രേമകഥ’. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്. നാദിര്‍ഷ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. ഹാസ്യം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നതും.

2017 ഒക്ടോബര്‍ 5 ന് പുറത്തിറങ്ങിയ സോളോ ആണ് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ അവസാന ചിത്രം. ബിജോയ് നമ്പ്യാരാണ് സോളോയുടെ സംവിധായകന്‍. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Leave a Reply

Your email address will not be published. Required fields are marked *