കേരളം ഇന്ന് വിധി എഴുതുന്നു

April 23, 2019

2019- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധി എഴുതുന്നു. രാവിലെ എഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറ് മണി വരെ വോട്ടെടുപ്പ് നീളും. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നുമായി 227 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ പൊതുതെരഞ്ഞെടുപ്പില്‍ മത്സരത്തിനുള്ളത്. 2,54,08,711 വോട്ടര്‍മാരാണ് കേരളത്തില്‍ ആകെയുള്ളത്.

ഓരോ ലോക്‌സഭാ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ ഫോട്ടോ അടക്കം ഓരോ ബൂത്തിന് പുറത്തും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ പോളിങ് ബൂത്തുകളുടെ പുറത്ത് ബൂത്ത് ലെവല്‍ ഓഫിസര്‍, സെക്ട്രല്‍ ഓഫീസര്‍ എന്നിവരുടെ വിവരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

24,970 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. കുറ്റ്യാടി, ആലത്തൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ ഓക്‌സിലറി പോളിംഗ് ബൂത്തുകളുമുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ളത്. വയനാടാണ് പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ ഏറ്റവും കുറവ്.

അതേസമയം പ്രശ്‌നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.