ചൂടുകുരുവിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

May 4, 2019

പുറത്തിറങ്ങിയാല്‍ എങ്ങും കനത്ത ചൂടാണ്. കേരളത്തില്‍ വിവധ ഇടങ്ങളില്‍ ഇടയ്ക്ക് ചെറിയ തോതിലുള്ള മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് കാര്യമായ ശമനമില്ല. ചൂടുകാലത്ത് പ്രായ ഭേദമന്യേ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ചൂടുകുരു. ചൂടു കൂടുമ്പോള്‍ വിയര്‍പ്പു ഗ്രന്ഥികളില്‍ തടസം വരാം. തന്മൂലം വിയര്‍പ്പു തുള്ളികള്‍ പുറത്തേക്ക് വരാതെ തങ്ങി നില്‍ക്കുമ്പോള്‍ തൊലിപ്പുറത്ത് ചെറിയ കുരുക്കള്‍ രൂപപ്പെടുന്നതാണ് ചൂടുകുരു. എന്നാല്‍ വീട്ടില്‍ തന്നെ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകളിലൂടെ ചൂടുകുരുവിനെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ സാധിക്കും.

ചൂടുകുരുവിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ചില മാര്‍ഗങ്ങളെ പരിചയപ്പെടാം. ചൂടുകുരുക്കള്‍ ഉള്ള ഭാഗത്ത് തണുത്ത തൈര് തേച്ചുപിടിപ്പിച്ച ശേഷം പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകി കളയുന്നത് ചൂടു കുരുക്കളെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു. അതുപോലെ തന്നെ തണുത്ത വെള്ളം തുണിയില്‍ മുക്കി ചൂടു കുരുക്കള്‍ ഉള്ള ഭാഗത്ത് വയ്ക്കുന്നതും നല്ലതാണ്.

Read more:ഈ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്കെത്തുന്നത് ഒരു സഞ്ചി പ്ലാസ്റ്റിക് മാലിന്യങ്ങളുമായി

ചൂടു കാലത്ത് കട്ടി കൂടിയ ക്രീമുകള്‍ പരമാവധി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും ശരീരത്തെ ചൂടില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നു. ചൂടു കുരുക്കള്‍ക്ക് വേദനയും കഠിനമായ ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ വൈദ്യ സഹായം തേടുന്നതാണ് നല്ലത്. വെയിലത്തിറങ്ങുമ്പോള്‍ സണ്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കഠിനമായി വെയിലുള്ളപ്പോള്‍ സൂര്യതാപം നേരിട്ട് ഏല്‍ക്കുന്നതും ഹാനികരമാണ്. ചൂടുകാലമായതിനാല്‍ ധാരാളം വെള്ളം കുടിക്കുകയും അതുപോലെ തന്നെ പഴ വര്‍ഗങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്.

ചൂടു കുരു ഉള്ളവര്‍ അരി കഴുകിയ വെള്ളത്തില്‍ (കാടിവെള്ളം) കുളിക്കുന്നതും ചൂടു കുരുക്കളെ പ്രതിരോധിക്കാന്‍ സഹായിക്കും. വിയര്‍പ്പ് പറ്റിയ വസ്ത്രങ്ങള്‍ അധിക നേരം ഉപയോഗിക്കുന്നത് ചൂടു കുരുക്കള്‍ വര്‍ധിക്കാന്‍ കാരണമാകും. അതിനാല്‍ വൃത്തിയുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.