ഐ പി എല്ലിൽ ചെന്നൈയ്ക്ക് ഇനി നിർണായക നിമിഷങ്ങൾ..

May 8, 2019

ഐ പി എല്ലിൽ  ആദ്യ ക്വാളിഫൈർ മത്സരത്തിൽ ചെന്നൈയെ തകർത്ത് മുംബൈ ഫൈനലിൽ. നിലവിലെ ചാമ്പ്യന്മാരെ ആറു വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ധോണിക്കു തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഓപ്പണർമാരെ നേരത്തെ നഷ്ടപെട്ട സൂപ്പർ കിങ്‌സിനു വേണ്ടി റായിഡു- ധോണി സഖ്യത്തിന്റെ പ്രകടനമാണ് ഭേദപെട്ട സ്‌കോറിൽ എത്തിച്ചത്. 37 പന്തിൽ നിന്നും റായിഡു 42 റൺസും അവസാന ഓവറുകളിൽ വീശിയടിച്ച ധോണി മൂന്ന് സിക്സറുകളും ഉൾപ്പെടെ 37 റൺസും നേടി. നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടുവാനെ ചെന്നൈക്ക് കഴിഞ്ഞുള്ളൂ.

ബോളിംഗിനു അനുകൂലമായ പിച്ചിൽ കണിശതയോടെ പന്തെറിഞ്ഞ മുംബൈ ബോളർമാർ ചെന്നൈയെ ചെറിയ സ്‌കോറിൽ ഒതുക്കുകയായിരുന്നു. മുംബൈക്കു വേണ്ടി രാഹുൽ ചാഹർ രണ്ടും മലിംഗ, ജയന്ദ് യാദവ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ 132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുബൈക്ക് ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു. തുടർന്ന് ശ്രദ്ധയോടെ കളിച്ച ഇഷൻ കിഷൻ, സൂര്യ കുമാർ യാദവും മുംബൈക്ക് വേണ്ടി മികച്ച കൂട്ടുകെട്ടുണ്ടാക്കി. 54 പന്തിൽ നിന്നും 71 റൺസുമായി സൂര്യ കുമാർ യാദവ് പുറത്താവാതെ നിന്നപ്പോൾ ഇഷൻ കിഷൻ 28 റൺസും ഹർദിക് പാണ്ഡ്യ 13 റൺസും നേടി. നാല് വിക്കറ്റ്‌ നഷ്ടത്തിൽ പത്തൊൻപത്താം ഓവറിലാണ് മുംബൈ 132 റൺസ് വിജയലക്ഷ്യം മറികടന്നത്.
ചെന്നൈക്ക് വേണ്ടി ഇമ്രാൻ താഹിർ രണ്ട് വിക്കറ്റ് വീഴ്ത്തി. ഈ സീസണിൽ മുംബൈക്കെതിരെ നടന്ന മൂന്ന് മത്സരങ്ങളിലും ചെന്നൈയ്ക്ക് പരാജയമായിരുന്നു.

Read also: ബാഴ്‌സലോണയ്ക്ക് ലിവർപൂൾ ഷോക്ക്

മത്സരത്തിൽ തോറ്റെങ്കിലും ചെന്നൈക്ക് ഫൈനലിൽ എത്താൻ ഒരവസരവും കൂടി ഉണ്ട്. ഇന്ന് വൈകീട്ട് 7.30 ന് നടക്കുന്ന ഡൽഹി- ഹൈദരാബാദ് പോരാട്ടത്തിൽ വിജയിക്കുന്നവരെ, രണ്ടാം ക്വാളിഫൈറിൽ തോൽപ്പിച്ചാൽ ചെന്നൈക്ക് ഫൈനൽ പ്രവേശനം നേടാം.