പ്രതീക്ഷ പകര്‍ന്ന് ‘തൊട്ടപ്പന്റെ’ കാരക്ടര്‍ പോസ്റ്ററുകള്‍

May 8, 2019

കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് വിനായകന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൊട്ടപ്പന്‍’. റിലീസിങ്ങിനൊരുങ്ങുകയാണ് ചിത്രം. ഈദിനോട് അനുബന്ധിച്ച് തൊട്ടപ്പന്‍ തീയറ്ററുകളിലെത്തും. ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അതേസമയം പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന വിവിധ കാരക്ടര്‍ പോസ്റ്ററുകള്‍. തികച്ചും വിത്യസ്തമായ ഭാവങ്ങളിലാണ് ഓരോ താരങ്ങളും കാരക്ടര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

വിനായകനും ദിലീഷ് പോത്തനും ഒരുമിച്ചുള്ള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച സ്വീകാര്യത ഈ പോസ്റ്ററിന് ലഭിച്ചിരുന്നു. ഷാനവാസ് ബാവക്കുട്ടിയാണ് തൊട്ടപ്പന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന്‍ വീണ്ടും നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയും ‘തൊട്ടപ്പന്‍’ എന്ന സിനിമയ്ക്കുണ്ട്.

പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കിസ്മത്ത് എന്ന ചിത്രത്തിനു ശേഷം ഷാനവാസ് ബാവുക്കുട്ടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് തൊട്ടപ്പന്‍. പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more:ആക്ഷനും നര്‍മ്മവും നിറച്ച് ‘ജീംബൂംബാ’യുടെ ട്രെയ്‌ലര്‍

ചിത്രത്തില്‍ നായികയായെത്തുന്നത് പുതുമുഖ താരമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്. റോഷന്‍ മാത്യു, ലാല്‍, മനോജ് കെ. ജയന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല, മനു ജോസ്, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

വിനായകന്‍ ഒരുക്കുന്ന ഒരു ഗാനവും ചിത്രത്തിലുണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചെറിയ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്.അച്ഛന്‍ മകള്‍ ബന്ധത്തിന്റെ തീവ്രതയാണ് തൊട്ടപ്പന്റെ മുഖ്യ പ്രമേയം. തൊട്ടപ്പന്‍ മകളെ വളര്‍ത്തിയതും, മകളെ സ്വാധീനിച്ചതും, സ്‌നേഹിച്ചതുമെല്ലാം അതേ വൈകാരികതയോടെ തന്നെ ചിത്രത്തിലും കാണാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.