വിശക്കുന്ന ബാലന് ആഹാരം വാരിക്കൊടുത്ത് സിആര്‍പിഎഫ് ജവാന്‍; സ്‌നേഹവീഡിയോ

സോഷ്യല്‍മീഡിയ ജനപ്രിയമായിട്ട് കാലം കുറച്ചേറെയായി. കൗതുകവും അതിശയവും ഉണര്‍ത്തുന്ന പല വാര്‍ത്തകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. ഇപ്പോഴിതാ ഇത്തരത്തിലൊരു സ്‌നേഹ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സിആര്‍പിഎഫ് ജവാനാണ് ഈ വീഡിയോയിലെ താരം.

വിശന്നിരിക്കുന്ന ഭിന്നശേഷിക്കാരനായ ഒരു കാശ്മീരി ബാലന് ഭക്ഷണം വാരിക്കൊടുക്കുകയാണ് സിആര്‍പിഎഫ് ജവാനായ ഇക്ബാല്‍ സിങ്. കുട്ടിക്ക് തനിയെ ഭക്ഷണം വാരി കഴിക്കാന്‍ സാധിക്കില്ല. ഇത് മനസിലാക്കിയ ഇക്ബാല്‍ സിങ് ഭക്ഷണം സ്‌നേഹത്തോടെ ആ ബാലന് വാരി നല്‍കാന്‍ തയാറാവുകയായിരുന്നു.

ശ്രീനഗറിലെ സിആര്‍പിഎഫ് വിഭാഗമാണ് ഈ സ്‌നേഹ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കകം തന്നെ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായി. നിരവധി പേര്‍ വീഡിയോ പങ്കുവെയ്ക്കുന്നുണ്ട്. ‘മനുഷ്യത്വമാണ് എല്ലാ മതങ്ങളുടെയും ആധാരം’ എന്ന ക്യാപ്ഷനോടെയാണ് ഈ സ്‌നേഹ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി ആളുകള്‍ ഇക്ബാല്‍ സിങിനെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തി. മനുഷ്യത്വപൂര്‍ണ്ണമായ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയ. ഇദ്ദേഹത്തിന് പ്രത്യേക പ്രശസ്തിപത്രവും നല്‍കി സിആര്‍പിഎഫ് ആദരിച്ചു. അതേസമയം പുല്‍വാമയില്‍ അക്രമണം നേരിട്ട സൈനിക വാഹനങ്ങളില്‍ ഒരു വാഹനം ഓടിച്ചതും ഇക്ബാല്‍ സിങ്ങായിരുന്നു. ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാനും സിങ് എല്ലാം മറന്ന് സജീവമായിരുന്നു.

Read more:അച്ഛനും രണ്ട് മക്കളും ഒരേ സിനിമയുടെ ഭാഗമാകുമ്പോള്‍; ‘കുട്ടിമാമ’ തീയറ്ററുകളിലേക്ക്

അതേസമയം കലാകാരന്‍മാര്‍ക്ക് ഇന്ന് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍ മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *