ആ ഫീൽ അനുഭവിക്കാത്തവർക്ക് മനസിലാവില്ല; ശ്രദ്ധേയമായി ‘തമാശ’യുടെ ടീസർ

May 17, 2019

കഥാപാത്രങ്ങളിലെ വ്യത്യസ്ഥത കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് വിനയ് ഫോര്‍ട്ട്. വിനയ് ഫോർട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തമാശ’. മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസർ. ചിത്രത്തിൽ തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് വിനയ് ഫോര്‍ട്ട്  പ്രത്യക്ഷപ്പെടുന്നത്. ദിവ്യ പ്രഭയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള വിനയ് ഫോര്‍ട്ടിന്റെ മെയ്ക്ക് ഓവര്‍  നേരത്തെ മുതല്‍ ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായിരുന്നു.

അതേസമയം സമീര്‍ താഹിറിനും ലിജോ ജോസ് പെല്ലിശ്ശേരിക്കും ഒപ്പം ചെമ്പന്‍ വിനോദും ഷൈജു ഖാലിദും തമാശയില്‍ നിര്‍മ്മാതാക്കളായെത്തുന്നുണ്ട്. ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’, ‘സുഡാനി ഫ്രം നൈജീരിയ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി ഹവേഴ്‌സ് എന്റെര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘തമാശ’.

Read more: ‘ദിസ് ഈസ് നോട്ട് എ ലൗ സ്റ്റോറി’; ‘ഇഷ്‌ക്’ റിവ്യൂ വായിക്കാം..

ചിത്രത്തിലെ ഗാനങ്ങൾക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ‘തമാശയുടെ സംവിധായകനായ അഷറഫ് ഹംസയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഷഹബാസ് അമനാണ് ആലാപനം. ഷഹബാസ് തന്നെയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും.

‘തമാശ’ എന്ന ചിത്രത്തില്‍ ഒരു കോളേജ് അധ്യാപകന്റെ കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. റെക്‌സ് വിജയനും സുഷിന്‍ ശ്യാമും മ്യൂസിക് പ്രൊഡക്ഷന്റെ ഭാഗമായും ചിത്രത്തിന്റെ അണിയറയിലെത്തുന്നു. ‘മായാനദി’ക്കും ‘സുഡാനി ഫ്രം നൈജീരയ’യ്ക്കും ശേഷം റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ചിത്രമാണ് തമാശ. അതുകൊണ്ടുതന്നെ ചിത്രത്തിലെ ഗാനരംഗങ്ങള്‍ക്കും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്.