ഗ്രേറ്റ് ഗ്രാന്റ് ഫാദറായി ജയറാം; തരംഗമായി ട്രെയ്‌ലർ

May 19, 2019

മലയാളികളുടെ ഇഷ്ട നടനാണ് ജയറാം. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും മികച്ച സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച ജയറാം ജനപ്രിയനടനാണ്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദറില്‍ നായകനാകുന്നുവെന്നതാണ്‌ ഏറ്റവും പുതിയ വിശേഷം. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നത്. നിറയെ തമാശകളും സസ്‌പെൻസും ഇമോഷന്സും നിറഞ്ഞ ചിത്രമായിരിക്കും ഗ്രാന്റ് ഫാദർ എന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

ചിത്രത്തിൽ മുത്തച്ഛനായാണ് ജയറാം വേഷമിടുന്നത്. ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ബാബുരാജ്, ഉണ്ണി മുകുന്ദൻ, പിഷാരടി, മല്ലിക സുകുമാരൻ, ധർമ്മജൻ ബോൾഗാട്ടി, വിജയ രാഘവൻ, ബൈജു, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.

ഷാനി ഖാദർ തിരക്കഥ തയാറാക്കുന്ന ചിത്രത്തിനായുള്ള മേക്ക് ഓവറും ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിനായി തടി കൂട്ടിയും താടി വളർത്തിയുമൊക്കെയുള്ള താരത്തിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

Read also: ഞെട്ടിക്കുന്ന പൊട്ടിച്ചിരിയുമായി കുട്ടിമാമ’; റിവ്യൂ വായിക്കാം

യഥാർത്ഥ ജീവിതത്തിൽ ഇതുവരെ അനുഭവിക്കാൻ സാധിക്കാത്ത റോളിലാണ് ഇത്തവണ താൻ എത്തുന്നതെന്നും അതുകൊണ്ടുതന്നെ താൻ ഏറെ സന്തോഷവാനാണെന്നും ജയറാം നേരത്തെ പറഞ്ഞിരുന്നു. തന്റെ പുതിയ ചിത്രത്തിന് ദീപം തെളിയിച്ച് തുടക്കം കുറിക്കാൻ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തിയ വാർത്തയും താരം പുറത്തുവിട്ടിരുന്നു.