ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ചില്ലറക്കാരനല്ല വെളുത്തുള്ളി

May 20, 2019

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് വെളുത്തുള്ളി. കേരളത്തിലെ മിക്ക വീടുകളിലും ഒഴിച്ചുകൂടാനാത്ത ഒരു ഇനമാണ് വെളുത്തുള്ളി. നമ്മുടെ ഭക്ഷണങ്ങള്‍ പലതിലും വെളുത്തുള്ളി സ്ഥാനം പിടിച്ചിരിക്കുന്നതും ഒരുപക്ഷെ ഈ ആരോഗ്യ ഗുണങ്ങള്‍ക്കൊണ്ടു തന്നെയാവാം. നിരവധിയായ ആരോഗ്യ സവിശേഷതയുള്ള വെളുത്തുള്ളിയുടെ ചില ഗുണങ്ങളെ പരിചയപ്പെടാം.

ദഹനം സുഗമമാക്കുന്നതിന് ഏറെ സഹായകരമാണ് വെളുത്തുള്ളി. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്കും നല്ലൊരു പരിഹാരമാണ്. വെളുത്തുള്ളി ചുട്ടു കഴിക്കുന്നത് പലതരത്തിലുള്ള ദഹന പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും.

വിറ്റാമിന്‍ ബി6, ഫൈബര്‍, കാത്സ്യം, മാംഗനീസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയില്‍. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും വെളുത്തുള്ളി സഹായകരമാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലായ്മ ചെയ്യാനും വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. ഇതുമൂലം അമിത വണ്ണത്തെയും ചെറുക്കാനാകും. ചെറിയ കുട്ടികള്‍ക്ക് ഒരു അല്ലി വെളുത്തുള്ളി ഇട്ട് തിളപ്പിച്ച പാല്‍ നല്‍കുന്നത് വിരശല്യത്തെ ചെറുക്കാന്‍ സഹായിക്കുന്നു.

Read more:“സൗബിന്‍ ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാള്‍”; ‘ജാക്ക് ആന്‍ഡ് ജില്ലി’ലേക്ക് വരവേറ്റ് സന്തോഷ് ശിവന്‍

വെളുത്തുള്ളിയും തേനും ചേര്‍ത്ത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പോലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വെളുത്തുള്ളിയും നാരങ്ങാനീരും ഒരുമിച്ച് കഴിക്കുന്നതും ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കറികളിലെല്ലാം ഒരല്പം വെളുത്തുള്ളി ചേര്‍ക്കുന്നത് രുചികരവും ഒപ്പം ആരോഗ്യകരവുമാണ്.

വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്പോള്‍ ശരീരത്തിലെ രക്ത സമ്മര്‍ദ്ദത്തെ കൃത്യമായി നിയന്ത്രിക്കാനും സഹായകരമാകുന്നു. ചുമയ്ക്കും നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ഇനി മടിക്കാതെ ധൈര്യമായി വെളുത്തുള്ളി ഭക്ഷണത്തിന്‍റെ ഭാഗമാക്കിക്കൊള്ളൂ…!