പിറന്നാള്‍ നിറവില്‍ മോഹന്‍ലാല്‍

മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം. മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ ചലച്ചിത്ര ലോകം വിശേഷിപ്പിക്കുമ്പോള്‍ ഈ വിശേഷണങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ യോഗ്യനാണ് മോഹന്‍ലാല്‍ എന്ന് പറയാതിരിക്കാനാവില്ല. വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരം ഇന്ന് പിറന്നാള്‍ നിറവിലാണ്. ചലച്ചിത്രതാരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.

കാലാന്തരങ്ങള്‍ക്കുമപ്പറും ജീവിക്കുന്നവയാണ് മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍. നമുക്ക് പാര്‍ക്കാം മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തിലെ സോളമനും നാടോടിക്കാറ്റിലെ ദാസനും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനുമെല്ലാം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. എന്നിട്ടും ഇന്നും ഈ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍ക്കുന്ന എന്നതു തന്നെയാണ് ലാല്‍ വിസ്മയത്തിന്റെ തെളിവ്.

1978 ല്‍ ഭാരത് സിനി ഗ്രൂപ്പ് നിര്‍മ്മിച്ച തിരനോട്ടം എന്നതായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസങ്ങള്‍ മൂലം ഈ ചിത്രം തീയറ്ററുകളിലെത്തിയില്ല. 1980 ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മോഹന്‍ലാല്‍ അഭിനയിച്ച് പ്രേക്ഷക മുന്നിലേക്കെത്തിയ ആദ്യ ചിത്രം. പിന്നീടങ്ങോട്ട് മുന്നൂറിലധികം ചലച്ചിത്രങ്ങളിലൂടെ താരം വെള്ളിത്തിരയില്‍ തെളിഞ്ഞു നില്‍ക്കുന്നു.

Read more:ആസ്വാദകന്റെ മിഴിയും മനവും നിറച്ച് ‘തൊട്ടപ്പനി’ലെ സ്‌നേഹഗാനം; വീഡിയോ

തമ്പി കണ്ണന്താനം സംവിധാനം നിര്‍വ്വഹിച്ച രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലേക്ക് മോഹന്‍ലാല്‍ ഉയര്‍ന്നു. എണ്ണിയാലൊടുങ്ങാത്ത സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.

മലയാളത്തിനു പുറമെ മണി രത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന തമിഴ് ചിത്രത്തിലും മോഹന്‍ലാല്‍ ശ്രദ്ധേയനായി. ഐശ്വര്യ റായ് ആയിരുന്നു ഈ ചിത്രത്തിലെ നായികാ കഥാപാത്രം. കബനി എന്ന ബോളിവുഡ് ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിച്ചു. അഭിനയത്തിനു പുറമെ സംവിധാനത്തിലേക്കും മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുമ്പോള്‍ പ്രതീക്ഷയോടെയാണ് ആരാധകലോകവും.

Leave a Reply

Your email address will not be published. Required fields are marked *