അമ്മയെ ഉപദ്രവിച്ച അച്ഛനെതിരെ പോലീസിൽ പരാതി നല്കാൻ എട്ട് വയസുകാരൻ ഓടിയത് ഒന്നര കിലോമീറ്റർ

May 2, 2019

അമ്മയെ ഉപദ്രവിച്ച അച്ഛനെതിരെ പോലീസിൽ പരാതി നല്കാൻ എട്ട് വയസുകാരൻ ഓടിയത് ഒന്നര കിലോമീറ്റർ.. ഉത്തര്‍ പ്രദേശിലെ സന്ത് കബീര്‍ നഗറിലാണ് അച്ഛനെതിരെ പോലീസിൽ പരാതി നല്കാൻ മുഷ്താക്ക് എന്ന എട്ട് വയസുകാരൻ കിലോമീറ്ററുകളോളം ഓടിയെത്തിയത്.

വർഷങ്ങളായി നിരന്തരമായി തന്റെ അമ്മയെ പീഡിപ്പിക്കുന്ന അച്ഛനെയാണ് മുഷ്താക്ക് എന്ന ബാലൻ കാണുന്നത്. നിരന്തരമായി അമ്മയെ ഉപദവിക്കുന്നത് കണ്ട് മനംനൊന്ത് ബാലൻ  പിതാവിന്റെ ഉപദ്രവം വർധിച്ചതോടെ മറ്റൊന്നും ആലോചിക്കാതെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടി. ഏകദേശം ഒന്നര കിലോമീറ്ററോളമാണ് അമ്മയെ രക്ഷിക്കാനായി ആ മകൻ ഓടിയത്.

പോലീസ് സ്റ്റേഷനിൽ എത്തിയ കുഞ്ഞിന്റെ പരാതി കേട്ട് പോലീസ് ഉടൻ തന്നെ കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. തുടർന്ന് കുഞ്ഞിന്റെയും അമ്മയുടെയും സംരക്ഷണവും പോലീസ് ഏറ്റെടുത്തു. യു പി പൊലീസിലെ സീനിയര്‍ ഓഫീസറായ രാഹുല്‍ ശ്രീവാസ്തവയാണ് കുട്ടിയുടെ ചിത്രമുൾപ്പെടെ ഇക്കാര്യം ട്വീറ്റ് ചെയ്തത്. നാട്ടിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ചെറിയ കുട്ടികൾക്ക് പോലും എന്തെങ്കിലും ചെയ്യാൻ സാധിക്കും എന്നാണ് കുട്ടിയുടെ ചിത്രത്തിനൊപ്പം പോലീസുകാരൻ ട്വിറ്ററിൽ കുറിച്ചത്. എട്ട് വയസുകാരന്റെ ഈ ധീര പ്രവർത്തി കണ്ട് നിരവധി ആളുകളാണ് അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തിയത്.

Read also:‘ആ കഥകളിൽ കേട്ടതൊന്നും സത്യമായിരുന്നില്ല’; ‘പോലീസ്’ അറിഞ്ഞതും അറിയേണ്ടതും

പലപ്പോഴും മാതാപിതാക്കളുടെ ക്രൂരതയ്ക്ക് സാക്ഷികളാകുന്നത് അവരുടെ  മക്കളാണ്. ചെറുപ്പം മുതലേ മാതാപിതാക്കളുടെ ക്രൂരതകൾ കണ്ടുവളരുന്ന കുഞ്ഞുമക്കൾ പിന്നീട്  സമൂഹത്തിലെ ക്രൂരന്മാരായി മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  അതുകൊണ്ടുതന്നെ പോലീസ് നാടിൻറെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടിയാണെന്ന ബോധ്യം കുട്ടികളിൽ വളർത്തിയെടുക്കണം. ജനങ്ങളുടെ  സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള അക്രമണങ്ങളും അനീതികളും കൃത്യമായി തന്നെ റിപ്പോർട്ട് ചെയ്യപ്പെടേണ്ടതും അനിവാര്യമാണ്.