“സൗബിന്‍ ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാള്‍”; ‘ജാക്ക് ആന്‍ഡ് ജില്ലി’ലേക്ക് വരവേറ്റ് സന്തോഷ് ശിവന്‍

May 20, 2019

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മലയാളികളുടെ പ്രിയതാരം സൗബിന്‍ സാങിറും ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ജാക്ക് ആന്റ് ജില്‍. സംവിധായകന്‍ തന്നെയാണ് ചിത്രത്തിലേക്കുള്ള സൗബിന്റെ വരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചതും. സൗബിന്‍ ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ്. കഠിനാധ്വാനിയും ഏറെ സഹകരണ മനോങാവമുള്ള താരമാണെന്നും സന്തോഷ് ശിവന്‍ കുറിച്ചു.

മഞ്ചുവാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പംതന്നെ പ്രധാന്യമുള്ള കഥാപാത്രത്തെയാണ് സൗബിന്‍ സാഹിറും അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജു വര്‍ഗീസ്, സൂരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയ വലിയ താരനിരകള്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മുഴുനീള എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നാണ് സൂചന. കേരളത്തിലും ലണ്ടനിലുമായാണ് സിനിമയുടെ ചിത്രീകരണം. ഹോളിവുഡിലെയും ബോളിവുഡിലെയും വലിയ സാങ്കേതിക വിദഗ്ദ്ധര്‍ അണിനിരക്കുന്ന ചിത്രം സന്തോഷ് ശിവന്‍ – മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ വിരിയുന്ന ആദ്യ ചിത്രം കൂടിയാണ്. പാര്‍വതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.

Read more:തമിഴില്‍ അരങ്ങേറ്റംകുറിച്ച് സണ്ണി വെയ്ന്‍; ‘ജിപ്‌സി’യുടെ ട്രെയ്‌ലര്‍

സന്തോഷ് ശിവന്‍ ഭാഗമായ മലയാള ചിത്രങ്ങളായ ‘അനന്തഭദ്രം’, ‘ഉറുമി’ എന്നീ ചിത്രങ്ങളുടെ സാങ്കേതിക മികവ് ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പുതിയ ചിത്രത്തെയും പ്രതീക്ഷയോടെയാണ് ചലച്ചിത്ര ലോകം കാത്തിരിക്കുന്നത്. ദുബൈ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ കൂടി സഹകരണത്തോടെയാണ് ‘ജാക്ക് ആന്‍ഡ് ജില്‍’ ഒരുങ്ങുന്നത്.മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്.