പാകിസ്താനോട് തോല്‍വി സമ്മതിച്ച് ഇംഗ്ലണ്ട്

June 4, 2019

2019 ലോകകപ്പിലെ ആറാം മത്സരത്തില്‍ ഇംഗ്ലണ്ടും പാകിസ്താനും തമ്മില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് പൊരുതി തോറ്റു. 14 റണ്‍സിനായിരുന്നു പാക്കിസ്ഥാന്റെ ജയം. 349 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജോ റൂട്ടും ജോസ് ബട്‌ലറും സെഞ്ചുറിയടിച്ചെങ്കിലും ജയത്തിലെത്താന്‍ അത് മതിയാകുമായിരുന്നില്ല. സ്ലോഗ് ഓവറുകളില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ ബൗളര്‍മാരാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്.

തകര്‍ച്ചകളോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയുടെ സ്പിന്നറെ വെച്ച് ബൗളിംഗ് ഓപ്പണ്‍ ചെയ്യിക്കാനുള്ള തന്ത്രം തന്നെ പിന്തുടര്‍ന്ന പാക്കിസ്ഥാന് മൂന്നാം ഓവറില്‍ തന്നെ ആദ്യ ബ്രേക്ക്ത്രൂ ലഭിച്ചു. 8 റണ്‍സെടുത്ത ജേസന്‍ റോയിയെ വിക്കറ്റിനു മുന്നില്‍ കുരുക്കി ഷദാബ് ഖാന്‍ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.

തുടര്‍ന്ന് ക്രീസിലെത്തിയ ജോ റൂട്ട് ജോണി ബാരിസ്റ്റോയുമായിച്ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒന്‍പതാം ഓവറില്‍ 32 റണ്‍സെടുത്ത ബാരിസ്റ്റോയെ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസിന്റെ കൈകളിലെത്തിച്ച വഹാബ് റിയാസ് പാക്കിസ്ഥാന് രണ്ടാം ബ്രേക്ക് ത്രൂ സമ്മാനിച്ചു. ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും ഏറെ ആയുസുണ്ടായില്ല. ഒന്‍പത് റണ്‍സെടുത്ത മോര്‍ഗനെ 15ആം ഓവറില്‍ മുഹമ്മദ് ഹഫീസ് ക്ലീന്‍ ബൗള്‍ഡ് ആക്കുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡില്‍ 86 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.

ഇതിനിടെ 9 റണ്‍സെടുത്തു നില്‍ക്കെ ബാബര്‍ അസമില്‍ നിന്നും ജീവന്‍ ലഭിച്ച ജോ റൂട്ട് 47 പന്തുകളില്‍ തന്റെ അര്‍ദ്ധ സെഞ്ചുറി കുറിച്ചു. നാലാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്‌സുമായിച്ചേര്‍ന്ന് ജോ റൂട്ട് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും 22ആം ഓവറില്‍ ഷൊഐബ് മാലിക്ക് ആ കൂട്ടുകെട്ട് തകര്‍ത്തു. 13 റണ്‍സെടുത്ത സ്റ്റോക്‌സിനെ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസിന്റെ കൈകളിലെത്തിച്ച ഷൊഐബ് മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റാണ് സ്വന്തമാക്കിയത്.

തുടര്‍ന്ന് ക്രീസിലെത്തിയ ബട്‌ലര്‍ ജോ റൂട്ടുമായിച്ചേര്‍ന്ന് വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെ ഇംഗ്ലണ്ട് വിജയം സ്വപ്നം കാണാന്‍ തുടങ്ങി. തന്റെ പതിവു ശൈലിയില്‍ അടിച്ചു തകര്‍ത്ത ബട്‌ലറിന് ജോ റൂട്ട് മികച്ച പിന്തുണ നല്‍കി. ഇതിനിടെ 9 റണ്‍സില്‍ നില്‍ക്കെ ബാബര്‍ അസം നിലത്തിട്ട റൂട്ട് 97 പന്തില്‍ ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി കുറിച്ചു. എന്നാല്‍ 107 റണ്‍സെടുത്ത റൂട്ടിനെ 39ആം ഓവറില്‍ ഷദാബ് ഖാന്‍ പുറത്താക്കി. ഷദാബിന്റെ പന്തില്‍ ഹഫീസിന്റെ കൈകളില്‍ അവസാനിക്കുമ്പോള്‍ അഞ്ചാം വിക്കറ്റില്‍ ജോസ് ബട്‌ലറുമായിച്ചേര്‍ന്ന് 130 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് ജോ റൂട്ട് കെട്ടിപ്പടുത്തിരുന്നു.

പാര്‍ട്ണറെ നഷ്ടമായിട്ടും ആക്രമണാത്മക ബാറ്റിംഗ് കെട്ടഴിച്ച ജോസ് ബട്‌ലറും തന്റെ സെഞ്ചുറി കണ്ടെത്തി. 45ആം ഓവറില്‍ സെഞ്ചുറി കുറിച്ച ബട്‌ലര്‍ തൊട്ടടുത്ത പന്തില്‍ തന്നെ പുറത്തായി. 75 പന്തുകളില്‍ സെഞ്ചുറിയിലെത്തിയ ബട്‌ലര്‍ ആമിറിന്റെ പന്തില്‍ വഹാബ് റിയാസ് പിടിച്ചാണ് പുറത്തായത്. ടൈമിംഗ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന മൊയീന്‍ അലി 48ആം ഓവറില്‍ വഹാബ് റിയാസിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 20 പന്തുകളില്‍ 19 റണ്‍സെടുത്ത അലിയെ വഹാബ് റിയാസ് ഫഖര്‍ സമാന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. ചില കൂറ്റന്‍ ഷോട്ടുകളിലൂടെ സ്‌കോര്‍ ഉയര്‍ത്തിയ ക്രിസ് വോക്‌സും ആ ഓവറിലെ തൊട്ടടുത്ത പന്തില്‍ മടങ്ങിയതോടെ പാക്കിസ്ഥാന്‍ വിജയം ഉറപ്പിച്ചു. 14 പന്തുകളില്‍ 21 റണ്‍സെടുത്ത വോക്‌സ് സര്‍ഫറാസിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

മുഹമ്മദ് ആമിര്‍ എറിഞ്ഞ 49ആം ഓവറിലെ നാലാം പന്തില്‍ വഹാബ് റിയാസ് പിടിച്ച് ജോഫ്ര ആര്‍ച്ചറും (1) പുറത്തായി. 25 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ 10 റണ്‍സെടുക്കാനേ ഇംഗ്ലണ്ടിനു കഴിഞ്ഞുള്ളൂ. 10 റണ്‍സെടുത്ത മാര്‍ക്ക് വുഡും 3 റണ്‍സെടുത്ത ആദില്‍ റഷീദും പുറത്താവാതെ നിന്നു.

നേരത്തെ മൂന്ന് അര്‍ദ്ധസെഞ്ചുറികളാണ് പാക്കിസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 84 റണ്‍സെടുത്ത മുഹമ്മദ് ഹഫീസാണ് പാക്കിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. 63 റണ്‍സെടുത്ത ബാബര്‍ അസമും 55 റണ്‍സെടുത്ത സര്‍ഫറാസ് അഹ്മദും പാക്ക് ഇന്നിംഗ്‌സില്‍ അര്‍ദ്ധസെഞ്ചുറികള്‍ കുറിച്ചു. 44 റണ്‍സെടുത്ത ഇമാമുല്‍ ഹഖ്, 36 റണ്‍സെടുത്ത ഫഖര്‍ സമാന്‍ എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. ഇംഗ്ലണ്ടിനു വേണ്ടി മൊയീന്‍ അലിയും ക്രിസ് വോക്‌സും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.