‘കറുത്തുപോയോ’ എന്ന് ആരാധിക; കിടിലന്‍ മറുപടിയുമായി പൃഥ്വിരാജ്

June 4, 2019

വെള്ളിത്തിരയിലെ താരങ്ങളുടെ അഭിനയവിസമയങ്ങള്‍ക്കൊപ്പം പലപ്പോഴും ആരാധകരോടുള്ള അവരുടെ ഇടപെടലുകളും ശ്രദ്ധേയമാകാറുണ്ട്. ഇത്തരത്തില്‍ ആരാധകരുടെ ചോദ്യത്തിന് ഏറെ രസകരമായ മറുപടി നല്‍കുന്നതില്‍ മുന്നിലാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍. വെറും നടന്‍ മാത്രമല്ല ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് പൃഥ്വിരാജ്. ഇപ്പോഴിതാ താരത്തെ തേടിയെത്തിയ ഒരു ചോദ്യവും അതിന് നല്‍കിയ കിടിലന്‍ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

സംവിധായക വേഷത്തിലുള്ള ഒരു ചിത്രം പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഈ ഫോട്ടായ്ക്ക് താഴെ ഒരു കമന്റും എത്തി. ‘കറുത്തു പോയോ’ എന്നായിരുന്നു ആരാധികയുടെ ചോദ്യം. ഉടനെ എത്തി പൃഥ്വിരാജിന്റെ കിടിലന്‍ മറുപടി. ‘ഒടുക്കത്തെ വെയിലല്ലേ’ എന്നായിരുന്നു താരത്തിന്റെ മറുപടി. എന്തായാലും ആരാധികയുടെ ചോദ്യവും പൃഥ്വിരാജിന്റെ മറുപടിയുമെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Read more:കേരളത്തില്‍ പ്രതിവര്‍ഷം വില്‍ക്കുന്നത് 45 ലക്ഷം പ്ലാസ്റ്റിക് സ്‌കൂള്‍ ബാഗുകള്‍

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. അടുത്തിടെ സിനിമയുടെ ചില ലൊക്കേഷന്‍ ചിത്രങ്ങളും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. മുഖത്ത് കട്ടത്താടിയും കൂളിംഗ് ഗ്ലാസും ഒക്കെയായി ആകെ മൊത്തത്തില്‍ കളര്‍ഫുള്‍ ലുക്കിലാണ് പ്ൃഥ്വിരാജ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ പകരുന്നു.

അടി, ഇടി, ഡാന്‍സ്, ബഹളം എന്നിവയെല്ലാം ചിത്രത്തിലുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ പൃഥ്വിരാജ് കുറിച്ചിരുന്നു. ‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.