‘ഉയരെ’യെത്തേടിയെത്തിയ വേറിട്ടൊരു ആശംസ

June 4, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ഉയരെ’ എന്ന ചിത്രം. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. അതേസമയം ചിത്രത്തെ തേടിയെത്തിരിക്കുകയാണ് തികച്ചും വിത്യസ്തമായൊരു ആശംസ. ബോളിവുഡ് താരം കങ്കണയുടെ സഹോദരിയുടേതാണ് ഈ ആശംസ.

കങ്കണയുടെ സഹോദരിയായ രംഗോലിയും ആസിഡ് ആക്രമണത്തിന്റെ ഇര തന്നെയാണ്. ഉയരെ എന്ന സിനിമ തനിക്ക് കാണാനാകില്ലെന്നും എന്നാല്‍ മറ്റുള്ളവര്‍ ചിത്രം എന്തായാലും കാണണമെന്നും രംഗോലി ഓര്‍മ്മപ്പെടുത്തി. ആസിഡ് ആക്രമണം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മരവിച്ചു പോകുന്ന തനിക്ക് ഈ സിനിമയിപ്പോള്‍ കാണാനാകില്ലെന്നാണ് രംഗോലി ട്വിറ്ററില്‍ കുറിച്ചത്.

Read more:മനോഹരം ‘തമാശ’യിലെ പുതിയ ഗാനം

കങ്കണ സിനിമയില്‍ പേരെടുക്കുന്നതിന് മുമ്പേയാണ് സഹോദരി രംഗോലി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. കാമുകനാണ് രംഗോലിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. ആസിഡ് ആക്രമണത്തിന് ശേഷം 57 ശസ്ത്രക്രിയകള്‍ക്കും രംഗോലി വിധേയമായിരുന്നു.

അതേസമയം എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. മലയാള ചലച്ചിത്ര ലോകത്ത് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സില്‍ നിന്നും പുറത്തുവരുന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് എസ് ക്യൂബ് ഫിലിംസ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായ പി വി ഗംഗാധരന്റെ മക്കളാണ് ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍. എസ് ക്യൂബ് ഫിലിംസിന്റെ ആദ്യ ചിത്രംകൂടിയാണ് ഉയരെ. കൊച്ചി, മുംബൈ, ആഗ്ര ധുലെ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായിരുന്നു ഉയരെ എന്ന സിനിമയുടെ ചിത്രീകരണം. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.