‘മരിച്ചത് ഞാനല്ല’; സോഷ്യൽ മീഡിയ ഇത്തവണ കൊലപ്പെടുത്തിയത് ജയസൂര്യയെ, സത്യാവസ്ഥ വെളിപ്പെടുത്തി താരം

വ്യാജ വാര്‍ത്തകള്‍ സാമൂഹ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് കാലം കുറച്ചേറെയായി. സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാർത്തകൾ ഏറ്റവും കൂടുതലായി ബാധിക്കുന്നത് സിനിമ താരങ്ങളെയും കായിക താരങ്ങളെയുമാണ്. സമൂഹ മാധ്യമങ്ങൾ കൊന്ന് ഉയർത്തെഴുന്നേല്പിച്ച നിരവധി താരങ്ങളുണ്ട് നമുക്ക് ചുറ്റും. ചിലപ്പോൾ മരിച്ചവർ തന്നെ തിരിച്ചു വരേണ്ടിവരും തങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് അറിയിക്കാൻ. ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പഴയ വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ സനത് ജയസൂര്യയെയാണ് ഇത്തവണ സമൂഹ മാധ്യമങ്ങൾ കൊന്നത്.

ജയസൂര്യ കാനഡയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞയാഴ്ച വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ പ്രചരിച്ച വ്യാജ മരണ വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജയസൂര്യ. തന്റെ ആരോഗ്യത്തിന് ഒരു കുഴപ്പമില്ലെന്നും വാർത്തകൾ തെറ്റാണെന്നും ട്വിറ്ററിലൂടെയാണ് ജയസൂര്യ വ്യക്തമാക്കിയത്. താൻ അടുത്ത കാലത്തൊന്നും കാനഡയിൽ പോയിട്ട് കൂടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തയുട സത്യാവസ്ഥ മനസിലാക്കാതെയാണ് പലരും ഇത്തരം ഫെയ്ക്ക് ന്യൂസുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ളതും. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റുകളും ഇക്കാലത്ത് നിരവധിയാണ്. സാമൂഹ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെടുമ്പോള്‍ വാര്‍ത്തയുടെ സത്യാവസ്ത പൂര്‍ണ്ണമായും ഉറപ്പുവരുത്തേണ്ടതുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

Read also: ആ മരം മുറിച്ചുമാറ്റിയപ്പോൾ പൊള്ളിയത് താഴെയുള്ള മണ്ണിന് മാത്രമല്ല, ഞങ്ങളുടെ ഉള്ളിൽ നിറച്ചുതന്ന പാരിസ്ഥിതീക അവബോധത്തിനുകൂടിയാണ്; വൈറലായി പത്താംക്ലാസുകാരിയുടെ കത്ത് 

തെറ്റായ വാർത്തകൾ നിർമ്മിക്കുന്നവർക്ക് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന് മനഃപൂർവം മറ്റൊരാളുടെ മുഖത്ത് കരിവാരിത്തേയ്ക്കുക, രണ്ടാമത് വെറുമൊരു തമാശയ്ക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരുമുണ്ട്. ചിലരെങ്കിലും തങ്ങൾക്ക് ലഭിക്കാതെപോകുന്നത് മറ്റുള്ളവർക്ക് ലഭിക്കുന്നതിനുള്ള ദേഷ്യം പ്രകടിപ്പിക്കാനുള്ള മാർഗമായും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. അതേസമയം അബദ്ധത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരും ഏറെയാണ്. എന്നാൽ ഇത് വരുത്തിവയ്ക്കുന്നത് വലിയ ആപത്താണ്.

Leave a Reply

Your email address will not be published. Required fields are marked *