സോഷ്യല്‍ മീഡിയയില്‍ താരമായി ഒര്‍ഹാന്‍ സൗബിന്‍

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്. കുറഞ്ഞനാളുകള്‍ക്കൊണ്ട് മലയാള ചലച്ചിത്ര ആസ്വാദകരുടെ ഇഷ്ടതാരമായ സൗബിന്‍ സാഹിറിന് മകന്‍ പിറന്ന വാര്‍ത്തയും ഏറെ ഇഷ്ടത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ മകനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞ് ജനിച്ച ദിവസം തന്നെ അമ്മയ്‌ക്കൊപ്പമുള്ള കുഞ്ഞുമകന്റെ ചിത്രം സൗബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇടയ്ക്കിടെ താരം കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഒരു മാസം പ്രായമായ ഒര്‍ഹാന്റെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

നിരവധി താരനിരകള്‍ ഒര്‍ഹാന്‍ സൗബിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തി. 2017 ഡിസംബര്‍ 16 നായിരുന്നു കോഴിക്കോട് സ്വദേശിനിയായ ജാമിയയും സൗബിനും വിവാഹിതരായത്.

സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി.

അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും സൗബിന്‍ സാഹിര്‍ ആയിരന്നു.

Read more:‘ഡയലോഗ് പഠിക്കാന്‍ പാടുപെടുന്ന കുഞ്ചാക്കോ ബോബനും, മൊബൈലില്‍ കുത്തിക്കളിക്കുന്ന ടൊവിനോയും; വീഡിയോ

അതേസമയം സൗബിന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ജിന്ന് എന്ന ചിത്രത്തിന്റെ പ്രഖ്യാപനവും അടുത്തിടെ നടന്നിരുന്നു. സൗബിന്‍ സാഹിറിനൊപ്പം നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാജേഷ് ഗോപിനാഥാണ് ജിന്ന് എന്ന ചിത്രത്തിന്റെ രചന. ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ഡി ഫോര്‍ട്ടീന്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രശാന്ത് പിള്ള സംഗീതവും ഭവന്‍ ശ്രീകുമാര്‍ ചിത്രത്തിന്റെ എഡിറ്റിങും നിര്‍വ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *