നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര ടെലികോം മന്ത്രാലയം

June 22, 2019

വിവര സാങ്കേതികവിദ്യ അനുദിനം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. കാലം മാറുന്നതിന അനുസരിച്ച് മനുഷ്യന്റെ ജീവിത സാഹചര്യങ്ങളിലും മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. മൊബൈല്‍ ഫോണ്‍ തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരികയാണ്. ഒന്നിലധികം മൊബൈല്‍ ഫോണ്‍ ഉള്ളവരും നിരവധിയാണ്. മൊബൈല്‍ ഫോണുകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പംതന്നെ മൊബൈല്‍ ഫോണുകളുടെ മോഷണവും വര്‍ധിക്കുന്നുണ്ട്.

പലരെയും ഈ പ്രശ്‌നം കാര്യമായി അലട്ടാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ നഷ്ടപ്പെട്ട ഫോണ്‍ വേഗത്തില്‍ കണ്ടെത്തുന്നതിനായി പുതിയ ഒരു പദ്ധതി തന്നെ ആവിഷ്‌കരിച്ചിരിക്കുകയാണ് കേന്ദ്ര ടെലികോം മന്ത്രാലയം. പദ്ധതി പ്രകാരം മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകളുടെ ഇന്റര്‍നാഷ്ണല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പര്‍ സമാഹരിച്ച് മോഷ്ടിക്കപ്പെട്ട ഫോണുകളുടെ ഉപയോഗം തടയാനും ഇത്തരം ഫോണുകള്‍ വേഗത്തില്‍ കണ്ടെത്താനുമുള്ള സംവിധാനം ഉടന്‍ നിലവില്‍ വരും.

Read more:നര്‍മ്മം നിറച്ച് ‘ജനമൈത്രി’ വരുന്നു; തീയറ്ററുകളിലെത്തും മുമ്പേ ശ്രദ്ധേയമായി റിവ്യൂവും

പദ്ധതി അനുസരിച്ച് ഇനി മുതല്‍ മൊബൈല്‍ മോഷ്ടിക്കപ്പെട്ടാല്‍ പ്രത്യേക വെബ്‌സൈറ്റില്‍ ഇന്റര്‍നാഷ്ണല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പര്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യണം. മന്ത്രാലയം ഈ നമ്പര്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഇതുവഴി മോഷ്ടാവ് മൊബൈല്‍ ഏത് നെറ്റവര്‍ക്കില്‍ ഉപയോഗിച്ചാലും തടസപ്പെടും.

പ്രത്യേക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പുറമെ, മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍തന്നെ പൊലീസില്‍ പരാതി നല്‍കണം. ശേഷം ഹെല്‍പ്ലൈന്‍ നമ്പറിലൂടെ ടെലികോം വകുപ്പിനെയും അറിയിക്കണം. 2017 ലാണ് മൊബൈല്‍ ഫോണ്‍ മോഷണം പോയാല്‍ വേഗത്തില്‍ കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതി കേന്ദ്ര ടെലികോം മന്ത്രാലയം പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ ഈ പദ്ധതി പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. കഴിഞ്ഞ ഇടക്കാല ബഡ്ജറ്റില്‍ ഈ പദ്ധതിക്കു വേണ്ടി 15 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ചെയ്തു. പദ്ധതി അടുത്ത ആഴ്ചയോടെ പ്രാബല്യത്തിലാകുമെന്നാണ് സൂചന.