ഭക്ഷ്യവിഷബാധയെ തടയാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

June 24, 2019

മഴക്കാലം എത്തി.. കൂടെ രോഗങ്ങളും. മഴക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു രോഗമാണ് ഭക്ഷ്യവിഷബാധ. തണുത്തതും ശുചിത്വമില്ലാത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് തന്നെയാണ് ഭക്ഷ്യവിഷബാധ ഉണ്ടാകാൻ പ്രധാന കാരണം. മോശം ഭക്ഷണം കഴിക്കുമ്പോൾ ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിക്കും. ഇതോടെ ശരിയായ രീതിയിലുള്ള ദഹനം നടക്കാതെ വരും. ഇത് വയറുവേദന, ഛർദി, വയറിളക്കം, പനി മുതലായ രോഗങ്ങൾക്ക് കാരണമാകും. ആ​ഹാരം ഉണ്ടാക്കിയ ശേഷം പെട്ടെന്ന് കഴിക്കണം, ചൂടോടെതന്നെ. കൂടാതെ, സ്വാദ് കൂട്ടാൻ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് തടയണം. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം.

ഭക്ഷണം കഴിച്ച ശേഷം ലൈം ടീ കുടിയ്ക്കുന്നത് വയറിലെ ദഹന പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടക്കുന്നതിന് സഹായകമാകും. ഇത് ഭക്ഷ്യവിഷബാധയെ ഒരു പരിധിവരെ തടയാൻ സഹായിക്കും. ഉപ്പിട്ട നാരങ്ങാവെള്ളം കുടിയ്ക്കുന്നതും വയറിന് നല്ലതാണ്. ഭക്ഷ്യ വിഷബാധ ഉണ്ടായി എന്നുറപ്പായാൽ ധാരാളമായി വെള്ളം കുടിയ്ക്കാൻ ശ്രമിക്കണം. വെളുത്തുള്ളി, ഉലുവ എന്നിവയും കഴിക്കുന്നത് വയറിന് നല്ലതാണ്. പഴവർഗങ്ങളും ധാരാളമായി കഴിക്കുന്നത് വയറിനും ശരീരത്തിനും ഗുണപ്രദമാണ്. പഴം ഷെയ്ക്ക് ആയോ, അല്ലാതെയോ കഴിക്കാം. ഒ ആർ എസ് പാനീയം കുടിക്കുന്നത് നല്ലതാണ്. ഇത് ഛർദ്ദിയിലൂടെയും വയറിളക്കത്തിലൂടെയും നഷ്ടപ്പെടുന്ന പോഷകങ്ങളെ ക്രമീകരിക്കാൻ സഹായിക്കും.

Read also: ‘സീനിന്റെ ഗൗരവം ചോര്‍ന്നുപോകാതിരിക്കാന്‍ പലപ്പോഴും മാറ്റിനിർത്തപെട്ടു’; ഇന്ദ്രൻസിനെക്കുറിച്ച് ഹൃദയ സ്പർശിയായ ഒരു കുറിപ്പ്…

ഭക്ഷ്യവിഷബാധ ബാധിച്ചാൽ കുറച്ച് ദിവസത്തേക്ക് ഭക്ഷണത്തിൽ ക്രമീകരണം ആവശ്യമാണ്. വാരിവലിച്ച് കഴിക്കുന്നതിന് പകരം പഴം, മുട്ടയുടെ വെള്ള, തേൻ, വേവിച്ച ഉരുളക്കിഴങ്ങ്, അരി ആഹാരങ്ങൾ എന്നിവ ചെറിയ അളവിൽ കഴിച്ചുതുടങ്ങാം. ബിരിയാണി പോലെ കട്ടിയുള്ള ഭക്ഷണങ്ങൾ കുറച്ച് ദിവസത്തേക്ക് ഒഴിവാക്കുക.