‘പറയുവാൻ ഒരു ക്ലീഷേ ലവ് സ്റ്റോറി’; ‘ഇഷ്‌കി’ലെ പ്രണയഗാനത്തിന് വേറിട്ടൊരു ദൃശ്യാവിഷ്‌കാരം

June 18, 2019

പ്രണയഗാനങ്ങള്‍ക്കെന്നും ആസ്വാദകര്‍ ഏറെയാണ്. മനോഹരമായ പ്രണയഗാനങ്ങൾ  പ്രേക്ഷക മനസുകളിലേക്ക് പെയ്തിറങ്ങും. കാലാന്തരങ്ങള്‍ക്കുമപ്പുറം പ്രേക്ഷക മനസുകളില്‍ ഇത്തരം മനോഹര പ്രണയ ഗാനങ്ങള്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കാറുമുണ്ട്. ആസ്വാദകര്‍ക്ക് എക്കാലത്തും ഓര്‍ത്തുവെയ്ക്കാന്‍ മനോഹരമായൊരു പ്രണയഗാനംകൂടി സമ്മാനിച്ച ചിത്രമാണ് അനുരാജ് മനോഹർ സംവിധാനം നിർവഹിച്ച ഇഷ്‌ക്. ചിത്രത്തിലെ ‘പറയുവനിതാദ്യമായ്’ എന്ന ഗാനം ഏറ്റെടുത്ത ആരാധകർക്ക് വേറിട്ടൊരു ദൃശ്യാനുഭവമൊരുക്കിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ.

പറയുവാൻ ഒരു ക്ലീഷേ ലവ് സ്റ്റോറി എന്ന പേരിൽ എത്തുന്ന മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് നോർമാണ്ട് വണ്ടറർ ആണ്. അങ്കിത വിനോദ്, ടിബിൻ ജോസഫ് എന്നിവരാണ് ഗാനരംഗത്തിൽ എത്തുന്നത്.

Read also: ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ടീം വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രം ഉടൻ

തെന്നിന്ത്യന്‍ യുവ ഗായകനായ സിദ് ശ്രീറാമാണ് ഈ മനോഹര ഗാനത്തിന്‍റെ ആലാപനം. ജെയ്ക്സ് ബിജോയ്  ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതേസമയം സിദ് ശ്രീറാം ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ ഗാനം ആലപിക്കുന്നത്.

നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇഷ്‌ക് തീയറ്ററുകളിലേക്കെത്തിയത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചി എന്നാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിളി പേര്. പ്രമേയത്തിലെ വിത്യസ്തതതന്നെയാണ് ചിത്രത്തെ സ്വീകാര്യമാക്കുന്നതും.