പതിനെട്ടാമത്തെ പടിയും കടന്ന് മമ്മൂട്ടിയും പിള്ളേരും; റിവ്യൂ വായിക്കാം

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി നടനും എഴുത്തുകാരനുമായ ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ ചിത്രമാണ് ‘പതിനെട്ടാം പടി’. മലയാളികളെ സംബന്ധിച്ച് ഏറെ പരിചിതമായ വാക്കാണ് പതിനെട്ടാം പടി. മതപരമായ പ്രതീകങ്ങൾ മാറ്റിനിർത്തിയാലും 18 എന്ന് പറയുന്നത് ഒരു മനുഷ്യന്റെ ജീവിതത്തിന്റെ പ്രധാനമായ പ്രായമാണ്. പതിനേഴ് വയസ് കഴിഞ്ഞ് പതിനെട്ടാം വയസിലേക്ക് കടക്കുന്ന കുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് പതിനെട്ടാം പടി.

ചോരത്തിളപ്പിന്റെ പ്രായത്തിൽ ഉണ്ടാകുന്ന എല്ലാ വികാരങ്ങളെയും ചിത്രത്തിൽ എടുത്തുകാണിക്കാൻ സംവിധായകനും അണിയറ പ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരനുപരി  തനിക്ക് സംവിധാനവും വഴങ്ങുമെന്ന് എടുത്തുകാണിക്കാൻ ശങ്കർ രാമകൃഷ്ണൻ ഈ ചിത്രത്തിലൂടെ ശ്രമിച്ചിട്ടുണ്ടെന്നു തന്നെ പറയാം. പുതുമുഖങ്ങളെ മുഖ്യ കഥാപാത്രങ്ങളായി ഒരുക്കിയ ചിത്രത്തിലും പ്രേക്ഷക ഹൃദയത്തിലേക്ക് ആഴ്ന്നെത്തിയത് ജോൺ എബ്രഹാം പാലയ്ക്കലായി എത്തിയ മമ്മൂട്ടി കഥാപാത്രം തന്നെയാണ്. ജീവിതത്തിന്റെ പ്രധാന ഘട്ടത്തിൽ എന്തുചയ്യണമെന്നറിയാതെ നിൽക്കുന്ന കുട്ടികളുടെ മുന്നിലേക്ക് എത്തുന്ന രക്ഷകനാണ് ജോണ് എബ്രഹാം പാലയ്ക്കൽ.

തിരുവനന്തപുരം നഗരത്തിലെ രണ്ട് സ്കൂളിലെ കുട്ടികൾ തമ്മിൽ കാലാകാലങ്ങളായി വളർന്നുവരുന്ന പകയുടെയും ദേഷ്യത്തിന്റെയും കഥ പറയുന്ന ചിത്രമാണ്. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന മോഡൽ സ്കൂളിലെ കുട്ടികളുടെ ജീവിതവും ഇന്റർനാഷ്ണൽ സ്കൂളിലെ കുട്ടികളുടെ ജീവിതവും ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്. ഇന്റർനാഷ്ണൽ സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുന്ന ഒരു കുട്ടി മോഡൽ സ്കൂളിൽ വന്നു ചേരുന്നിടത്താണ്  ചിത്രത്തിന്റെ ആദ്യ പകുതി. എന്നാൽ സിനിമയിലൂടെ  സമ്പദ്രായിക വിദ്യാഭ്യാസ രീതിയിലെ ചില കൊള്ളരുതായ്മകളും പൊള്ളത്തരങ്ങളും തുറന്ന് കാണിക്കാനുള്ള ശ്രമവും ചിത്രം നടത്തിയിട്ടുണ്ട്. സമകാലീക വിദ്യാഭ്യാസ രീതികളോടും  പരീക്ഷാ സമ്പ്രദായത്തോടുമുള്ള എതിർപ്പും ചിത്രത്തിൽ തുറന്നുകാണിക്കുന്നുണ്ട്.

എഴുപതിലധികം പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും, ഉണ്ണി മുകുന്ദനും, ആര്യയുമൊക്കെ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. അഹാന കൃഷ്ണകുമാർ,സുരാജ് വെഞ്ഞാറമൂട്, പ്രിയാമണി, സാനിയ അയ്യപ്പൻ,മാല പാർവതി, മനോജ് കെ ജയൻ, ബിജു സോപാനം തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം മാധ്യമ പ്രവർത്തകൻ ജോർജ് പുളിക്കനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ പുതുമുഖങ്ങളെല്ലാം മികച്ച അഭിനയം കാഴ്ചവച്ചിട്ടുണ്ടെന്നത് ഏറെ ശ്രദ്ധേയം. പൃഥ്വിരാജിന്റെ ശബ്ദത്തിലൂടെയുള്ള നരേഷനിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

തിരക്കഥയ്ക്ക് മാറ്റ് കൂട്ടുന്ന ദൃശ്യ ഭാഷയാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.  സുദീപ് ഇളമണ്ണം എന്ന വൈൽഡ് ലൈഫ് ഫിലിം മേക്കറുടെ ക്യാമറക്കണ്ണുകൾ പ്രേക്ഷകന് മനോഹരമായൊരു ദൃശ്യഭംഗി സമ്മാനിച്ചു. അണ്ടർ വാട്ടർ സീനുകൾ, മിലിട്ടറി സീനുകൾ, ഫൈറ്റ് സീനുകൾ, ഇമോഷണൽ സീനുകൾ തുടങ്ങി എല്ലാ മേഖലയിലും സുധീപിന്റെ ക്യാമറക്കണ്ണുകൾ സ്പർശിച്ചു പോയിട്ടുണ്ട്. ബാഹുബലിയ്ക്ക് ആക്ഷനൊരുക്കിയ കേച്ച കംബക്ഡിയാണ് പതിനെട്ടാം പടിയ്ക്ക് ആക്ഷനൊരുക്കിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *