ബിജു മേനോനും സംവൃത സുനിലും ഒന്നിക്കുന്നു; ചിത്രം തിയേറ്ററുകളിലേക്ക്

July 10, 2019

ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ. ചിത്രം ജൂലൈ 12 ന് തിയേറ്ററുകളിൽ എത്തും. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവൃത സുനിൽ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബിജു മേനോനൊപ്പമാണ് താരം വെള്ളിത്തിരയിലേക്ക് എത്തുന്നത്.

ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്. ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും രമാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു.

സംവൃതാ സുനിലിന്റെ മടങ്ങിവരവും പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. എന്നാല്‍ വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ വെള്ളിത്തിരയിലേക്ക് വീണ്ടും എത്തിച്ചേരുകയാണ് സംവൃത സുനില്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

Read more: ഇന്ത്യ- കിവീസ് സെമി, ഇന്നും മഴ വില്ലനായാൽ..?

2006-ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി. ബിജു മേനോനും സംവൃതാ സുനിലും വെള്ളിത്തിരയില്‍ ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകരും.