‘ഇതാ ഗീതയുടെ ആദ്യ സെല്‍ഫി’; തിരിച്ചുവരവിന്റെ സന്തോഷത്തില്‍ സംവൃത സുനില്‍

July 13, 2019

മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. എന്നാല്‍ വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ വെള്ളിത്തിരയിലേക്ക് വീണ്ടും എത്തിച്ചേരുകയാണ് സംവൃത സുനില്‍. താരം പ്രധാന കഥാപാത്രമായെത്തുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രം വെള്ളിത്തിരയില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അതേസമയം ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് സംവൃതയുടെ ഒരു സെല്‍ഫി ചിത്രം. ചലച്ചിത്ര രംഗത്തേക്കുള്ള മടങ്ങിവരവിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവൃത ഈ സെല്‍ഫിയിലൂടെ. ‘ഗീതയുടെ ആദ്യ സെല്‍ഫി’ എന്ന ക്യാപ്ഷനോടെയാണ് സംവൃത ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന സിനിമയില്‍ താരം അവതരിപ്പിച്ച് കഥാപാത്രമാണ് ഗീത. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവൃത സുനില്‍ വീണ്ടും ആഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നത്.

കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ ബിജുമേനോനാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’എന്ന ചിത്രത്തിലെ നായക കഥാപാത്രം. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മനോഹരമായൊരു കുടുംബചിത്രമാണ് ഇത്. ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും രമാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

Read more:നര്‍മ്മമുഹൂര്‍ത്തങ്ങളുമായി ‘സച്ചിനും’ കൂട്ടരും വെള്ളിത്തിരയിലേക്ക്

തുടര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ സംവൃതക്ക് ലഭിച്ചു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി.