കിടിലൻ ഡെത്ത് ബൗളിംഗുമായി ഇംഗ്ലണ്ട്; ന്യൂസിലൻഡിന് മാന്യമായ സ്കോർ

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡിന് മാന്യമായ സ്കോർ. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് കിവീസിനു നേടാനായത്. 55 റൺസെടുത്ത ഹെൻറി നിക്കോളാസാണ് കിവീസിൻ്റെ ടോപ്പ് സ്കോറർ. കെയിൻ വില്ല്യംസൺ, ടോം ലതം തുടങ്ങിയവരും ന്യൂസിലൻഡ് സ്കോറിലേക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസ് നന്നായിത്തുടങ്ങി. ആക്രമിച്ചു കളിച്ച് തുടങ്ങിയ ഗപ്റ്റിൽ വേഗത്തിൽ സ്കോർ ചെയ്തു. മറുവശത്ത് ഹെൻറി നിക്കോളാസ് താളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ ഗപ്റ്റിലിലൂടെ കിവീസിന് മികച്ച തുടക്കം ലഭിച്ചു. എന്നാൽ ഏഴാം ഓവറിൽ വോക്സ് ഗപ്റ്റിലിനെ പുറത്താക്കി ന്യൂസിലൻഡിന് കനത്ത പ്രഹരമേല്പിച്ചു. അമ്പയറുടെ തീരുമാനത്തെ അദ്ദേഹം ചലഞ്ച് ചെയ്തെങ്കിലും ഡിആർഎസ് റിവ്യൂവിലും ഔട്ടാണെന്ന് തെളിഞ്ഞതോടെ ഗപ്റ്റിൽ പുറത്താവുകയായിരുന്നു.

ഗപ്റ്റിൽ പുറത്തായതിനു പിന്നാലെ ഹെൻറി നിക്കോളാസ് സ്കോറിംഗ് ഉത്തരവാദിത്തം ഏറ്റെടുത്തു. നിക്കോളാസിന് വില്ല്യംസൺ മികച്ച പങ്കാളിയായതോടെ ന്യൂസിലൻഡ് അപകടനില തരണം ചെയ്തു. സാവധാനത്തിലെങ്കിലും ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 74 റൺസാണ് കൂട്ടിച്ചേർത്തത്. 23ആം ഓവറിൽ വില്ല്യംസൺ പുറത്തായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. 30 റൺസെടുത്ത വില്ല്യംസണെ ലിയാം പ്ലങ്കറ്റ് ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ചു.

71 പന്തുകളിൽ അർദ്ധസെഞ്ചുറി കുറിച്ചെങ്കിലും നിക്കോളാസിന് അധികം ആയുസുണ്ടായില്ല. പ്ലങ്കറ്റ് വീണ്ടും തന്നെയാണ് കിവീസിനു പ്രഹരമേല്പിച്ചത്. 27ആം ഓവറിൽ പ്ലങ്കറ്റിൻ്റെ പന്തിൽ നിക്കോളാസ് പ്ലെയ്ഡ് ഓണായി. 55 റൺസെടുത്താണ് നിക്കോളാസ് പുറത്തായത്. പിന്നീട് റോസ് ടെയ്‌ലറും ടോം ലതവും ചേർന്ന് ഒരു കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചു. എന്നാൽ 27ആം ഓവറിൽ ടെയ്‌ലർ പുറത്തായതോടെ ന്യൂസിലൻഡ് വീണ്ടും പ്രതിസന്ധിയിലായി. 15 റൺസെടുത്ത ടെയ്‌ലർ മാർക്ക് വുഡിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.

ജെയിംസ് നീഷവും നന്നായിത്തന്നെയാണ് തുറ്റങ്ങിയത്. ചില മികച്ച ഷോട്ടുകളുതിർത്ത് വേഗം സ്കോർ ചെയ്ത നീഷം കൂറ്റനടിക്കു ശ്രമിച്ച് പുറത്തായി. 39ആം ഓവറിൽ നീഷമിനെ റൂട്ടിൻ്റെ കൈകളിലെത്തിച്ച പ്ലങ്കറ്റ് മത്സരത്തിലെ മൂന്നാം വിക്കറ്റാണ് സ്വന്തമാക്കിയത്. 19 റൺസെടുത്താണ് നീഷം പുറത്തായത്.

തുടർന്ന് ആറാം വിക്കറ്റിൽ കോളിൻ ഡിഗ്രാൻഡ്‌ഹോമും ടോം ലതവും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളർമാർ ഇവർക്ക് നിരന്തരം സമ്മർദ്ദമുണ്ടാക്കി. ഇതോടെ കൂറ്റൻ ഷോട്ട് കളിക്കാൻ ശ്രമിച്ച ഗ്രാൻഡ്‌ഹോമും പുറത്ത്. 47ആം ഓവറിൽ ക്രിസ് വോക്സ് ഗ്രാൻഡ്‌ഹോമിനെ ജോ വിൻസിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.

ഒരു വശത്ത് വിക്കറ്റുകൾ കടപുഴകുമ്പോഴും പിടിച്ചു നിന്ന ടോം ലതമിൻ്റെ ഇന്നിംഗ്സാണ് ന്യൂസിലൻഡിനെ മാന്യമായ സ്കോറിലെത്തിച്ചത്. 49ആം ഓവറിൽ പുറത്തായെങ്കിലും ലതം 47 റൺസെടുത്തിരുന്നു. ലതമിനെ ക്രിസ് വോക്സിൻ്റെ പന്തിൽ ജെയിംസ് വിൻസ് പിടികൂടി.

അവസാന ഓവറിൽ മാറ്റ് ഹെൻറി (4)യെ ക്ലീൻ ബൗൾഡാക്കിയ ജോഫ്ര ആർച്ചർ വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു. ഒരു റൺ എടുത്ത ട്രെൻ്റ് ബോൾട്ടും 5 റൺസെടുത്ത മിച്ചൽ സാൻ്റ്നറും പുറത്താവാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *