അനിയന്‍റെ ആദ്യ സംവിധാനസംരംഭത്തില്‍ ചേട്ടനും; ‘ലൗ ആക്ഷന്‍ ഡ്രാമ’ പുതിയ പോസ്റ്റര്‍

July 20, 2019

മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ ചലച്ചിത്ര കുടുംബത്തിലെ ഇളമുറക്കാരന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമായെത്തുന്നു. ഇത് ശരിവയ്ക്കുന്ന പോസ്റ്ററും പുറത്തിറങ്ങി. അനിയന്റെ ആദ്യ സംവിധാനസംരംഭത്തില്‍ ചേട്ടന്‍ അഭിനയിക്കുമ്പോള്‍ പ്രതീക്ഷയോടെയാണ് ചലച്ചിത്രലോകവും.

വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും. ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മനാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.

നിവിന്‍ പോളിക്കും നയന്‍ താരയ്ക്കുമൊപ്പം ഉറുവശിയും അജുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ശോഭ എന്ന കഥാപാത്രമായി നയന്‍താര ചിത്രത്തിലെത്തുന്നു. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഓണത്തോട് അനുബന്ധിച്ച് തീയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.തന്റെ ആദ്യ സംവിധായക സംരംഭത്തിലെ പ്രധാന താരങ്ങള്‍ക്ക് അച്ഛന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ താരങ്ങളുടെ പേരുകള്‍ നല്‍കിയ ധ്യാന്‍ ശ്രീനിവാസന്‍ ഇനിയുമേറെ കൗതുകങ്ങള്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്നാണ് ചലച്ചിത്രലോകവും പ്രതീക്ഷിക്കുന്നത്.


Read more:“മനസറിഞ്ഞു വിളിച്ചാല്‍ തിരിച്ചുവരാത്ത ഒരു മൊഹബ്ബത്തും ദുനായാവിലില്ല”; മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ടീസര്‍

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങള്‍ നിരവധിയാണ്. ധ്യാന്‍ ശ്രീനിവാസനും ഇത്തരത്തില്‍ സംവിധാന രംഗത്തേക്ക് ചുവടുമാറുന്‌പോള്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ചിത്രത്തെ കാത്തിരിക്കുന്നത്. അതേസമയം കുട്ടിമാമ എന്ന ചിത്രമാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായി വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം. ശ്രീനിവാവസനും ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.