‘കാപ്പാന്‍’ ല്‍ മോഹന്‍ലാല്‍ സംസാരിക്കുന്ന ഭാഷ ഏതായിരിക്കും; സോഷ്യല്‍മീഡിയയില്‍ നിറയുന്ന ചോദ്യങ്ങള്‍

July 25, 2019

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും തമിഴകത്തിന്റെ പ്രിയ താരം സൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാപ്പാന്‍. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് കാപ്പാന്‍ എന്ന സിനിമയുടെ ഡബ്ബിങ് വേളയിലുള്ള ഒരു ചിത്രം. മോഹന്‍ലാല്‍ ഡബ്ബ് ചെയ്യുന്ന ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതേസമയം ചിത്രത്തെത്തേടി ഒരു ചോദ്യവും നിറയുന്നുണ്ട്. ‘കാപ്പാന്‍’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ ഏത് ഭാഷയിലായിരിക്കും സംസാരിക്കുക എന്നതാണ് ചോദ്യം.

കെ.വി ആനന്ദാണ് ‘കാപ്പാന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയി സൂര്യയും ചിത്രത്തിലെത്തുന്നു. ആര്യ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുന്നു. രക്ഷിക്കും എന്ന് അര്‍ത്ഥമുള്ള തമിഴ് വാക്കാണ് കാപ്പാന്‍. ഇന്ത്യന്‍ രാഷ്ട്രീയവും ഇന്ത്യ പാക് പ്രശ്‌നങ്ങളും തീവ്രവാദവുമെല്ലാം കാപ്പാന്‍ എന്ന സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് സൂചന.

Read more:മകളുടെ പിടിഎ മീറ്റിങ്ങിനെത്തിയവരെ ആടി സെയിലിന് അയച്ച് പൃഥ്വിരാജ്; ചിരി ട്രോളിന് സുപ്രിയയുടെ കൈയടി

ചിത്രം തമിഴിലാണ് ഒരുങ്ങുന്നതെങ്കിലും ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രം ഉത്തരേന്ത്യക്കാരനാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഒരുപക്ഷെ മോഹന്‍ലാല്‍ ചിത്രത്തില്‍ ഹിന്ദിയോ ഇംഗ്ലീഷോ ആയിരിക്കും സംസാരിക്കുകയെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. തമിഴിലായിരിക്കും മോഹന്‍ലാല്‍ സംസാരിക്കുക എന്നാണ് മറ്റുചിലരുടെ അഭിപ്രായം.

സയേഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ആര്യ ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ‘കാപ്പാന്‍’ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെന്നൈ, ഡല്‍ഹി, കുളുമണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലായിരുന്നു കാപ്പാന്‍ എന്ന സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. 100 കോടി മുതല്‍മുടക്കിലാണ് കാപ്പാന്‍ ഒരുക്കുന്നതെന്നാണ് സൂചന. ഓഗസ്റ്റ് 30 ന് ചിത്രം തീയറ്ററുകളിലെത്തും.