ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അറിയേണ്ടതെല്ലാം

July 29, 2019

ഏകദിന ലോകകപ്പിന്റെ ആവേശം കെട്ടടങ്ങിയിട്ട് ദിവസങ്ങളായി. ക്രിക്കറ്റ് പ്രേമികളെല്ലാം തന്നെ ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശത്തിലേയ്ക്ക് പ്രവേശിച്ചുകഴിഞ്ഞു. ഏകദിനത്തിലും, ടി20 യിലും ഉള്ളത് പോലെ ടെസ്റ്റിലും ഇനി ലോക ചാമ്പ്യന്മാരുണ്ടാവാന്‍ പോവുകയാണ്. ഐസിസിയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലൂടെ.

ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കുക എന്നതാണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലൂടെ ഐസിസി ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലെ ലോക ചാമ്പ്യന്‍മാരെ കണ്ടെത്താന്‍ രണ്ട് വര്‍ഷത്തോളം കാത്തിരിയ്ക്കണം. 2019 ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021 ജൂണിലാണ് അവാസാനിക്കുക.

ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിന് നടക്കുന്ന ആഷസ് പരമ്പരയോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകും. ടെസ്റ്റ് പദവിയുള്ള ഒമ്പത് ടീമുകള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടും. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്താന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ടീമുകള്‍. രണ്ട് വര്‍ഷംകൊണ്ട് 27 സീരീസുകളിലായി 71 ടെസ്റ്റ് മത്സരങ്ങള്‍ ഈ ടീമുകള്‍ കളിയ്ക്കും. 2021 ല്‍ നടക്കുന്ന ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ അറിയാം, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ചൂടുന്ന ടീമിനെ.

ഒമ്പത് ടീമുകളും ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലായിരിക്കും മത്സരിക്കുക. ഹോം ഗ്രൗണ്ടിലും എതിര്‍ ടീമിന്റെ നാട്ടിലും മൂന്ന് പരമ്പര വീതം. ഇതുപ്രകാരം ഇന്ത്യ ആറ് പരമ്പരകളായിരിക്കും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിയ്ക്കുക. വിന്‍ഡീസ് പര്യടനത്തിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളിലൂടെയായിരിക്കും ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുക.

അഞ്ച് ടെസ്റ്റുള്ള പരമ്പരയില്‍ ഓരോ മത്സരത്തിനും 24 പോയിന്റുകള്‍ വീതമാണ് ലഭിയ്ക്കുക. രണ്ട് ടെസ്റ്റുള്ള പരമ്പരയാണെങ്കില്‍ 20 പോയിന്റും. ടൈ ആയാല്‍ പോയിന്റ് ഇരു ടീമുംകൂടി പങ്കുവയ്ക്കും. ഓരോ ടീമിനും ഓരോ സീരീസില്‍ നേടാന്‍ കഴിയുന്ന പരമാവധി പോയിന്റ് 120 ആണ്. ഏറ്റവും അധികം പോയിന്റുകള്‍ നേടുന്ന രണ്ട് ടീമുകള്‍ തമ്മിലായിരിയ്ക്കും ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം.

ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ-
ജൂലൈ- ഓഗസ്റ്റ് 2019: ഇന്ത്യ V/S വെസ്റ്റ് ഇന്‍ഡീസ്- രണ്ട് ടെസ്റ്റ്
ഒക്ടോബര്‍- നവംബര്‍ 2019: ഇന്ത്യ V/S സൗത്ത് ആഫ്രിക്ക- മൂന്ന് ടെസ്റ്റ്
നവംബര്‍ 2019: ഇന്ത്യ V/s ബംഗ്ലാദേശ്- രണ്ട് ടെസ്റ്റ്
ഫെബ്രുവരി 2020: ഇന്ത്യ V/S ന്യൂസിലന്‍ഡ്- രണ്ട് ടെസ്റ്റ്
ഡിസംബര്‍ 2020: ഇന്ത്യ V/S ഓസ്‌ട്രേലിയ- നാല് ടെസ്റ്റ്
ജനുവരി- ഫെബ്രുവരി 2021: ഇന്ത്യ V/S ഇംഗ്ലണ്ട്- അഞ്ച് ടെസ്റ്റ്‌