‘ആദ്യം ചെയ്യണ്ട എന്ന് തീരുമാനിച്ച സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ’; അനശ്വര രാജനുമായി പ്രത്യേക അഭിമുഖം

July 29, 2019

ആദ്യമെത്തിയത് ഉദാഹരണം സുജാതയിലെ ആതിര കൃഷ്ണനായി. തുടർന്ന് രണ്ട് കൊല്ലങ്ങൾക്കു ശേഷം തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തിയായി വീണ്ടുമെത്തി. അനശ്വര രാജൻ മലയാള സിനിമയിൽ ഒരു ബെഞ്ച്മാർക്ക് സെറ്റ് ചെയ്യുകയാണ്. അനായാസ അഭിനയത്തിന്റെ പാഠങ്ങളുമായി ഈ കൊച്ചുമിടുക്കി മലയാള സിനിമയിൽ ഇരിപ്പുറപ്പികയാണ്. സിനിമയെപ്പറ്റി, ജീവിതത്തെപ്പറ്റി, കുടുംബത്തെപ്പറ്റി അനശ്വര രാജൻ മനസ്സു തുറക്കുന്നു.

ആദ്യം ചെയ്തത് ഉദാഹരണം സുജാത. അതിലേക്ക് എത്തിയത്?

അതിലേക്കെത്തിയത് ഓഡിഷൻ വഴിയാണ്. എറണാകുളത്ത് വെച്ചായിരുന്നു ഓഡിഷൻ. 6000 പേരുണ്ടായിരുന്നു ഓഡിഷനിൽ. അതിൽ നിന്നും 60 പേരെ തിരഞ്ഞെടുത്തു. അതിൽ നിന്നാണ് ഞാൻ സെലക്ടായത്. സ്കൂളിൽ പഠിക്കുമ്പോൾ മോണോ ആക്ടൊക്കെ ചെയ്തിട്ടുണ്ട്. ‘കവി ഉദ്ദേശിച്ചത്’ എന്ന സിനിമയുടെ ഡയറക്ടറും കുടുംബ സുഹൃത്തുമായ ലിജു തോമസിൻ്റെ അമ്മയാണ് ഇങ്ങനെ ഒരു ഓഡിഷനെപ്പറ്റി എന്നെ അറിയിക്കുന്നത്. അത് കണ്ടിട്ടും പോകണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു. അപ്പോൾ അമ്മ തന്നെയാണ് പറഞ്ഞത്, ‘അത് നല്ല പ്രൊജക്ടാണ്. ചാർളി ടീമാണ്. പരീക്ഷിച്ചു നോക്ക്. ചിലപ്പോൾ കിട്ടും’ എന്ന്. അങ്ങനെയാണ് ഫോട്ടോ അയച്ച് കൊടുത്തത്. പ്രതീക്ഷയൊന്നും ഉണ്ടായില്ല. പക്ഷേ കിട്ടി.

അത് കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു. രണ്ട് വർഷത്തിനു ശേഷം വീണ്ടും സിനിമയിൽ അഭിനയിക്കുമ്പോൾ?

സുജാത കഴിഞ്ഞിട്ട് ഞാൻ ഒരു സിനിമ ചെയ്തിരുന്നു. അത് ഈ അടുത്താണ് റിലീസായത്. ‘എവിടെ.’ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ട് ചെയ്തതാണ്. നല്ല കഥയായിരുന്നു. അതിനു ശേഷം രണ്ട് വർഷത്തെ ബ്രേക്കെടുത്തു. പഠനത്തിനു വേണ്ടി എടുത്ത ബ്രേക്കാണ്. പത്താം ക്ലാസ് കഴിഞ്ഞ് അഭിനയിക്കാമെന്ന് കരുതി. നല്ല പ്രൊജക്ട് വന്നാൽ ചെയ്യാമെന്ന് കരുതി ബ്രേക്കെടുത്തതാണ്.

തണ്ണീർമത്തനിലേക്കെത്തുന്നത്?

അത് സുജാത കണ്ട് ഡയറക്ടർ വിളിക്കുകയായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് രണ്ട് ആഴ്ച മുൻപാണ് എന്നെ വിളിച്ചത്. പത്തിലെ പബ്ലിക്ക് പരീക്ഷയുടെ സമയത്ത് രണ്ട് ദിവസം വരണമെന്നു പറഞ്ഞിരുന്നു. സിനിമ ചെയ്യുന്നില്ലെന്ന് കരുതിയാണ് ഇരുന്നത്. വീണ്ടും ഡയറക്ടർ വിളിച്ചു. ജോമോൻ ചേട്ടനാണ് (ജോമോൻ ടി ജോൺ) ക്യാമറ എന്നറിഞ്ഞു. ഗിരീഷേട്ടൻ്റെ ഷോർട്ട് ഫിലിം മൂക്കുത്തിയൊക്കെ കണ്ടു. സ്റ്റോറി വായിച്ചപ്പോ അതെനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അപ്പോൾ ചെയ്യാമെന്നു തീരുമാനിച്ചതാണ്.

സിനിമയിലും സെറ്റിലുമൊക്കെ ഒരുപാട് കുട്ടികൾ, സമപ്രായക്കാർ ഉണ്ടായിരുന്നല്ലോ. അപ്പോ സെറ്റൊക്കെ രസമായിരുന്നിരിക്കണം

അതെ. ഭയങ്കര രസമായിരുന്നു. ചിലരൊക്കെ ഡിഗ്രി പഠിക്കുന്നവരായിരുന്നു. പക്ഷേ, ഞങ്ങൾ എല്ലാവരും ഒരു ക്ലാസിൽ പഠിക്കുന്ന കുട്ടികളായി ഒന്നര മാസത്തോളം അടിച്ചു പൊളിച്ച് നല്ല രസമായിരുന്നു. വെക്കേഷൻ സമയത്തായിരുന്നു ഷൂട്ട്. അതുകൊണ്ട് ഒരു വെക്കേഷൻ മൂഡും കിട്ടി.

ഉദാഹരണം സുജാതയിലെ ആതിരയെപ്പോലെയാണോ തണ്ണീർ മത്തൻ ദിനങ്ങളിലെ കീർത്തിയെപ്പോലെയാണോ അനശ്വര?

രണ്ട് പേരുടെയും സ്വഭാവങ്ങളുണ്ട്. ആതിരയ്ക്ക് അമ്മയോടുള്ള അടുപ്പമാണ്. അതൊരു അമ്മ-മകൾ ബന്ധമാണ്. കൂടുതൽ പെൺകുട്ടികൾക്കും അത് അങ്ങനെ തന്നെയായിരിക്കും. സിനിമ കണ്ട് കുറേ പേർ അതങ്ങനെ ഫീൽ ചെയ്തെന്ന് പറഞ്ഞിട്ടുമുണ്ട്. എൻ്റെ അമ്മയോടും ഞാൻ ഇങ്ങനെ തന്നെയാണ്. കീർത്തിയാണെങ്കിൽ നേരെ ഓപ്പോസിറ്റാണ്. അതിലും ഞാനുണ്ട്. സ്കൂളിലെ കാര്യങ്ങളിലൊക്കെ എനിക്ക് സാമ്യത തോന്നാറുണ്ട്.

വായിക്കാറുണ്ടോ? സിനിമകൾ കാണാറുണ്ടോ?

വായിക്കുന്നത് ഇഷ്ടമാണ്. സിനിമകൾ കാണുന്നതും ഇഷ്ടമാണ്.

അവസാനം വായിച്ച പുസ്തകം, കണ്ട സിനിമ ഏതാണ്?

പുസ്തകം രവീന്ദർ സിംഗിൻ്റെ ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി. തണ്ണീർ മത്തനു മുൻപ് കണ്ട സിനിമ ഉയരെ. പിന്നെ ഷൂട്ടിൻ്റെ തിരക്കിലായി. കാണാൻ പറ്റിയില്ല.

വീട് കണ്ണൂരായിട്ടും സംസാരത്തിൽ ആ ശൈലി ഇല്ലല്ലോ. അതെന്താ?

അതിപ്പോ ഇതിവിടെ ശീലമായി. ലൊക്കേഷനിൽ ഇങ്ങനെയാണ്. നാട്ടിലെത്തുമ്പോ മാറും. കണ്ണൂർ ശൈലിയാവും.

സുജാതയിൽ തിരുവനന്തപുരം സ്ലാങ്, തണ്ണീർ മത്തൻ ദിനങ്ങളിൽ എറണാകുളം ഭാഷ. രണ്ടും വളരെ നന്നായി ചെയ്തിട്ടുണ്ട്. അത് എങ്ങനെയാണ്?

തിരുവനന്തപുരം സ്ലാങ് കുറച്ച് കഷ്ടപ്പാടായിരുന്നു. അത് ശരിക്കും ക്യാച്ച് ചെയ്യാൻ പറ്റിയിട്ടുണ്ടോ എന്ന് എനിക്കിപ്പോഴും സംശയമാണ്. ചെങ്കൽച്ചൂളയിലുള്ള കുട്ടികളോടൊക്കെ സംസാരിച്ചിരുന്നു. അങ്ങനെ അത് കുറേ പിടിച്ചെടുത്തു. പിന്നെ, ഡബ്ബിംഗ് ആർടിസ്റ്റ് സ്മിതച്ചേച്ചിയും സഹായിച്ചു. സുജാതയിൽ വരുമ്പോ ഞാൻ പക്കാ കണ്ണൂർ സ്ലാങ്ങായിരുന്നു. ഷൂട്ടിംഗ് പകുതിയൊക്കെ ആയപ്പോഴാണ് ഞാൻ ഏകദേശമൊക്കെ പിടിച്ചു വന്നത്. പിന്നെ ഡബ്ബിംഗിലാണ് കുറേക്കൂടി ശരിയാക്കിയത്. തൃശൂർ സ്ലാങ്ങാവുമ്പോ, അവിടെ ലോക്കേഷനിലെ ഭൂരിഭാഗം പേരും തൃശൂർക്കാരാണ്. ഗിരീഷേട്ടനായാലും ഡിനോയ് ചേട്ടനായാലും തൃശൂർക്കാരാണ്. അപ്പോ അവരുടെയൊക്കെ സംസാരത്തിൽ നിന്ന് അത് നമുക്ക് പിടിച്ചെടുക്കാൻ പറ്റും. ഇപ്പോഴും ആ സ്ലാങ്ങിൽ നിന്ന് പൂർണ്ണമായും പുറത്ത് കടക്കാൻ സാധിച്ചിട്ടില്ല. തൃശൂർ സ്ലാങ്ങാണ് ഇപ്പഴും കുറേയൊക്കെ സംസാരിക്കുന്നത്. അത് പലരും പറയാറുണ്ട്, ‘നീയെന്താണ് കണ്ണൂർക്കാരിയായിട്ടും തൃശൂർ ഭാഷം സംസാരിക്കുന്നതെ’ന്ന്. ആ കൂട്ടത്തിൽ നിന്നും മാറി നടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴും ആ കൂട്ട് എല്ലാവരും സൂക്ഷിക്കുന്നുണ്ട്.

സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഫ്രെയിമുകളാണ്. ജോമോൻ ടി ജോൺ, വിനോദ് ഇല്ലമ്പള്ളി എന്നിവരുടെ വിഷ്വലുകൾ. അത് ശ്രദ്ധിച്ചിരുന്നോ?

ജോമോൻ ചേട്ടൻ ഓരോ സീനിനും അനുസരിച്ച് വർക്ക് ചെയ്താണ് ക്യാമറ കൈകാര്യം ചെയ്തത്. ഓരോ ആൾക്കാരെയും അതിൽ കാണാൻ നല്ല ഭംഗിയാണ്.

അനശ്വര പലപ്പോഴും അഭിനയിക്കുന്നതായി തോന്നിയില്ല. വളരെ നാച്ചുറലായി ബിഹേവ് ചെയ്യുന്നതു പോലെയാണ് തോന്നിയത്. ഇത്ര അനായാസത കിട്ടാൻ കാരണം?

അത് നല്ല ക്രൂവിൻ്റെയൊക്കെ കൂടെ വർക്ക് ചെയ്തതിൻ്റെയാവും. ഉദാഹരണം സുജാത ആയാലും ഫാൻ്റം പ്രവീൺ ചേട്ടൻ, മാർട്ടിൻ ചേട്ടൻ, മഞ്ജുച്ചേച്ചി, ജോജുച്ചേട്ടൻ ഇവരൊക്കെ നന്നായി ഹെല്പ് ചെയ്തിട്ടുണ്ട്. ഷൂട്ടിൻ്റെ ആദ്യത്ത് രണ്ട് മൂന്ന് ദിവസങ്ങൾക്കു ശേഷം പേടിയില്ലാതെ ആതിര കൃഷ്ണനായിട്ട് അഭിനയിക്കാൻ പറ്റി. മഞ്ജുച്ചേച്ചി സുജാത ആയി മാറുമ്പോൽ നമ്മളും അറിയാതെ അങ്ങനെയാകും. ആ ലൊക്കേഷനിലുണ്ടായിരുന്നവർ ഇപ്പൊഴും എന്നെ വിളിക്കുന്നത് ആതിര എന്ന് തന്നെയാണ്. ആ ലൊക്കേഷനിൽ എന്നെ കഥാപാത്രമാക്കിയെടുക്കാൻ അവർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

എജ്ജാതി നോട്ടമാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

നല്ല കണ്ണുകളാണെന്ന് പലരും പറയാറുണ്ട്.

സിനിമ അല്ലായിരുന്നെങ്കിൽ? എന്തെങ്കിലും പ്ലാൻ ഉണ്ടായിരുന്നോ?

അങ്ങനെ പ്രത്യേകിച്ച് പ്ലാനുകളൊന്നും ഇല്ല. മോഡലിംഗ് ഇഷ്ടമാണ്. പക്ഷേ, അതൊരു ഡ്രീം എന്ന തരത്തിലൊന്നും ഞാൻ കണക്കിലെടുത്തിട്ടില്ല. സംഭവിക്കുമ്പോൾ സംഭവിക്കട്ടെ എന്നതാണ്. ഇപ്പോൾ തന്നെ ഇതൊക്കെ ഇങ്ങനെ നടക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. ഇനി നടക്കുന്നത് എന്താണെന്നും അറിയില്ല. നടക്കുന്നതു പോലെ നടക്കട്ടെ എന്നാണ്.

വിനീത് ശ്രീനിവാസനെപ്പറ്റി?

വിനീതേട്ടൻ നല്ല കൂളാണ്. അധിക ദിവസമൊന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല. പക്ഷേ, ഉണ്ടായിരുന്ന ദിവസങ്ങൾ നല്ല രസമായിരുന്നു. മൂളിപ്പാട്ട് പാടുമ്പോൾ പോലും നല്ല രസമായിട്ട് കേട്ടിരിക്കാം. പ്രമോഷനൊക്കെ പോകുമ്പോൾ വിനീതേട്ടൻ പാട്ട് പാടുന്നതൊക്കെ കേട്ടിരിക്കാൻ നല്ല രസമാണ്. കുട്ടികളുടെ കൂടെ ആയിരിക്കുമ്പോൾ കുട്ടിയായിത്തന്നെ വിനീതേട്ടൻ പെരുമാറും. അങ്ങനെ നല്ല രസമായിരുന്നു.

മാത്യു?

മാത്യു നല്ല ഫ്രണ്ട്ലിയാണ്. പെട്ടെന്നൊന്നും പിടിച്ചെടുക്കാൻ പറ്റില്ല. ഓരോ സമയത്തും ഓരോ സ്വഭാവമാണ്. നല്ല രസമുള്ള ചിരിയാണ്. പെട്ടെന്ന് ആള് ഭയങ്കര സീരിയസ് ആയിരിക്കും. പെട്ടെന്ന് അവൻ മാറി നന്നായിട്ട് വർത്തമാനമൊക്കെ പറഞ്ഞ് ട്രോളും. പെട്ടെന്നൊന്നും ക്യാരക്ടർ പിടിച്ചെടുക്കാൻ പറ്റില്ല.

കുടുംബത്തെപ്പറ്റി?

അച്ഛൻ, അമ്മ, ചേച്ചി. അച്ഛൻ കെഎസിബിയിൽ ഓഫീസറാണ്. അമ്മ അങ്കണവാടി ടീച്ചർ. ചേച്ചി ഡിഗ്രി കഴിഞ്ഞു. ഞാനിപ്പോ കണ്ണൂർ പയ്യന്നൂർ വെള്ളൂർ ഗവണ്മെൻ്റ് സ്കൂളിൽ പ്ലസ് വൺ പഠിക്കുകയാണ്.

ബാസിത്ത് ബിൻ ബുഷ്‌റ